തന്റെ കഥാപാത്രങ്ങളിലൂടെയും നാടൻപാട്ടുകളിലൂടെയും മലയാളികൾക്കിടയിൽ ജീവിക്കുന്ന നടനാണ് കലാഭവൻ മണി. മലയാളത്തിലെ പ്രധാന അഭിനേതാക്കളോടൊപ്പമെല്ലാം കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട്. മണിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് മമ്മൂട്ടി.
മണി ചെറുപ്പത്തിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നുവെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും തനിക്ക് ശാസിക്കാനുള്ള സ്വാതന്ത്രം നൽകിയ നടനായിരുന്നു മണിയെന്നും മമ്മൂട്ടി പറയുന്നു. വിദേശ രാജ്യങ്ങളിൽ ഉള്ളവർ പോലും മണിയുടെ പാട്ടുകൾ ആവേശത്തോടെ കേൾക്കാറുണ്ടായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയിൽ വന്ന ശേഷം ഒരിക്കൽ മണി പറഞ്ഞു, ചെറുപ്പത്തിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ നേതാവായിരുന്നുവെന്ന്. അതുകേട്ടപ്പോൾ ഞാൻ ചിരിച്ചൊഴിഞ്ഞെങ്കിലും വിശ്വസിപ്പിക്കാനെന്നോണം മണി കുറേ പഴയ കഥകൾ പറഞ്ഞു.
തെറ്റു ചെയ്തതായി അറിഞ്ഞാൽ, വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നൽകിയിരുന്നു. ഞാൻ വഴക്കുപറയുമ്പോൾ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണിയുടെ ചിത്രം ഇന്നും ഓർമയിലുണ്ട്.
ആൾക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കുംവിധം നാടൻപാട്ടുകളെ ശക്തമായി അവതരിപ്പിച്ചതിൽ മണിക്ക് വലിയ പങ്കുണ്ട്.
നൂറ് കണക്കിന് പാട്ടുകൾ മണി തേടിപ്പിടിച്ച് കണ്ടെത്തി അവതരിപ്പിച്ചു. അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിച്ചു. സ്വന്തമായൊരു ഗായകസംഘമുണ്ടായി. വിദേശരാജ്യങ്ങളിൽ നമ്മുടെ നാട്ടുകാർക്കൊപ്പം മലയാളം അറിയാത്തവർ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.
അവസാനകാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോൾ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി മണി ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല. പക്ഷേ, കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നിൽക്കാനേ കഴിയൂ,’മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty About Memories With Kalabhavan Mani