| Saturday, 26th October 2024, 2:03 pm

ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ്, എനിക്ക് ഗുരുതുല്യൻ: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് എം.ടി വാസുദേവന്‍ നായര്‍. നോവലുകളിലൂടെയും ചെറുകഥകളിലൂടെയും മലയാളിയെ തന്റെ അക്ഷരങ്ങള്‍ കൊണ്ട് പിടിച്ചിരുത്താന്‍ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച എം.ടിയെ രാജ്യം ജ്ഞാനപീഠം നല്‍കി ആദരിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് എം.ടി. വാസുദേവൻ നായർ. താൻ എം.ടിയുടെ കടുത്ത ആരാധകനാണെന്നും താൻ ഗുരുതുല്യനായാണ് അദ്ദേഹത്തെ കാണുന്നതെന്നും മമ്മൂട്ടി പറയുന്നു. വളരെ കാലം തന്റെ സംസാരശൈലിയിലെല്ലാം ചന്തു എന്ന കഥാപാത്രം ഉണ്ടായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എം.ടി. ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ എനിക്ക് മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഇല്ല. നിരുപാധികം അംഗീകരിക്കുക മാത്രം. അദ്ദേഹം എനിക്ക് ഗുരുതുല്യനും ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമാണ്. എന്റെ സിനിമാപ്രവേശത്തിന് മുമ്പ് കണ്ണാടിക്കുമുന്നിൽ നിന്ന് അഭിനയിച്ച് പരിശീലിച്ചതിലധികവും അദ്ദേഹത്തിൻ്റെ നോവലിലേയും കഥകളിലേയും കഥാപാത്രങ്ങളായിരുന്നു.

വളരെക്കാലം എൻ്റെ സംസാരശൈലിയിൽ പോലും ഇത്തരം കഥാപാത്രങ്ങളുടെ ഭാഷാശൈലിയുടെ സ്വാധീനമുണ്ടായിരുന്നു. ജീവിതത്തോടുള്ള സമരമാണ് ചന്തുവിനെ മികച്ച യോദ്ധാവാക്കിതീർത്തത് എന്ന് തോന്നിയിട്ടുണ്ട്. ആയോധനകലകളുടെ വലിയ പ്രയോഗങ്ങൾ ചിത്രത്തിലുടനീളം നിറഞ്ഞുനിന്നു. ജീവിതത്തിൽ ഞാൻ കളരി പഠിച്ചിട്ടില്ല, സിനിമയ്ക്കുവേണ്ടിയും ശ്രമിച്ചിട്ടില്ല.

അത്യന്തികമായി അഭിനയിക്കുകയാണല്ലോ. അത്തരമൊരു തിരിച്ചറിവിലാണ് മുന്നോട്ടുപോയത്. ഓരോ ചലനങ്ങളും ഇടപെടലുകളുമെല്ലാം നിരീക്ഷിച്ച് അഭിനയിച്ചുകാണിക്കുകയായിരുന്നു.

കളരിയുടെ ചുവടും താളവും നിയമവുമെല്ലാം മനസ്സിലാക്കി. നടനെന്ന നിലയിൽ അവയെല്ലാം നിരീക്ഷിച്ച് അഭിനയത്തിലേക്ക് കുട്ടിച്ചേർക്കുകയായിരുന്നു. സിനിമയ്ക്കുവേണ്ടി അന്ന് ചിലരെല്ലാം കളരി അഭ്യസിച്ചിരുന്നു. കളരി ഗുരുക്കൻമാർക്ക് പുറമെ സ്റ്റണ്ട് മാസ്റ്ററും ദൃശ്യങ്ങളുടെ മികവിനായി അണിനിരന്നു,’മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty About M.T.Vaudevan’s Filmography

We use cookies to give you the best possible experience. Learn more