| Tuesday, 13th December 2022, 8:29 am

തലയില്‍ മുടി കുറവാണെന്നേയുള്ളു, തലയില്‍ നിറയെ ബുദ്ധിയാണ് ജൂഡ് ആന്തണിക്ക്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനും നടലുമായ ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ച് മുടി കുറവുണ്ടന്നേയുള്ളു, തലയില്‍ നിറയേ ബുദ്ധിയാണെന്ന് നടന്‍ മമ്മൂട്ടി. 2018 എന്ന സിനിമ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങനൊരുങ്ങുന്ന 2018 എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

‘ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ച് മുടി കുറവുണ്ടന്നേയുള്ളു. തലയില്‍ നിറയെ ബുദ്ധിയുണ്ട്. 2018 എന്ന സിനിമ വിരട്ടി കളഞ്ഞില്ലേ നമ്മളെ. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആരും മറന്നുപോകാത്ത ഒരു വര്‍ഷമാണ് 2018. നമ്മളെ ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയും നമ്മള്‍ പലതും മറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വര്‍ഷംകൂടിയാണിത്.

നമ്മള്‍ക്ക് ആര്‍ക്കും സുപരിചിതമല്ലാത്ത ഒരു പ്രകൃതി ദുരന്തം നമ്മളെ തല്ലി തലോടി വേദനിപ്പിച്ചും ഭയപ്പെടുത്തിയും കടന്നുപോയ വര്‍ഷമാണത്. പിന്നീട് അതിന്റെ അനുരണനങ്ങള്‍ വരും വര്‍ഷങ്ങളില്‍ വന്നെങ്കിലും, ആദ്യം വന്നുപോയ പ്രളയം നമ്മളെ അതിനെയൊക്കെ നേരിടാന്‍ തയാറെടുപ്പിച്ചിരുന്നു. നമുക്ക് പ്രളയത്തെ നേരിടാനും പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കാനുമുള്ള ധൈര്യം ഉണ്ടാക്കി തന്നു.

രണ്ടാമത്തെ വര്‍ഷവും പ്രകൃതി ദുരന്തമുണ്ടായപ്പോഴും പ്രളയമുണ്ടായിരുന്നപ്പോഴും നമ്മള്‍ അത്രത്തോളം ഭയപ്പെട്ടിരുന്നില്ല എന്നതിന്റെ കാരണം ആദ്യ പ്രളയമേല്‍പ്പിച്ച പ്രഹരമാണ്. ഈ സിനിമ എന്നു പറയുന്നത് നമ്മള്‍ ടെലിവിഷന്‍ പരിപാടികളിലൂടെയും വാര്‍ത്തകളിലൂടെയും ചെറിയ ക്ലിപ്പുകളിലൂടെയും പല കാര്യങ്ങള്‍ കാണുകയും ഭയപ്പെടുകയും ചെയ്തിരുന്നു. ഒരുപാട് സങ്കടങ്ങള്‍ നമ്മള്‍ അതിജീവിച്ചു, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു.

എങ്കിലും നമ്മള്‍ അറിയാത്ത, നമ്മള്‍ കേട്ടിട്ടില്ലാത്ത നമ്മളുടെ കണ്‍വെട്ടത്ത്‌വന്നുപോകാത്ത ഒരുപാട് ആളുകളുടെ, വളരെയേറെ കഷ്ടപ്പെട്ട സാഹസങ്ങളുടെയെല്ലാം കഥ ഈ സിനിമയിലൂടെ പുറത്ത് വരുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരുപാട് വീരനായകന്മാരെ കുറിച്ച് നമ്മള്‍ പത്രങ്ങളിലൂടെ വായിച്ചിരുന്നു. അവരെ നമ്മുടെ സിനിമയിലെ വീരനായകന്മാരിലൂടെ കാണുമ്പോള്‍ ആവേശം കൂടുകയും ചെയ്യും.

ആ വികാരങ്ങളൊക്കെ കുറച്ചുകൂടി ആഴത്തില്‍ നമ്മളിലേക്ക് എത്തിക്കാനും അവര്‍ക്ക് കഴിയും. ഈ സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ തികച്ചും തൃപ്തിപ്പെടുത്തിയിട്ടുണ്ട്. ഈ സിനിമ നിങ്ങളെയും അത്ഭുതപ്പെടുത്തുമെന്ന് എനിക്കുറപ്പാണ്. മോളിവുഡ് എന്നുംപറഞ്ഞ് നമ്മള്‍ അഭിമാനം കൊള്ളുന്നത് വെറുതെയല്ലായെന്ന് ഈ സിനിമ തെളിയിക്കും,’ മമ്മൂട്ടി പറഞ്ഞു.

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സുധീഷ്, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ലാല്‍, ജാഫര്‍ ഇടുക്കി, വിനീത് ശ്രീനിവാസന്‍ തുടങ്ങി വലിയ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നംപ്പള്ളി, സി.കെ. പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ പി ധര്‍മ്മരാജനാണ്.

content highlight: mammootty about jude anthany and his new movie

We use cookies to give you the best possible experience. Learn more