| Monday, 7th August 2023, 5:17 pm

ചെറിയ റോളില്‍ നിന്ന് ജോജു ഒറ്റ വളര്‍ച്ച, ഇപ്പോള്‍ ഒരു തെങ്ങ് പോലെയായി: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുമ്പുള്ളതിനേക്കാള്‍ ഇപ്പോഴത്തെ കലാകാരന്മാര്‍ക്ക് നിരവധി അവസരങ്ങളുണ്ടെന്ന് മമ്മൂട്ടി. താനൊക്കെ സിനിമയിലേക്ക് വന്ന സമയത്ത് നാടകങ്ങളും മിമിക്രികളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഇന്ന് ധാരാളം പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ആനന്ദ് ഫിലിം അവാര്‍ഡ്‌സില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

‘അഭിനയിക്കാനുള്ള അവസരം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ട്. കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള, കണ്ടെത്താനുള്ള അവസരങ്ങളുണ്ട്. ഒരുപാട് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. ഞാനൊക്കെ വന്ന സമയത്ത് വല്ല സ്‌റ്റേജില്‍ മിമിക്രിയോ നാടകമോ അവതരിപ്പിക്കുന്നതിന് അപ്പുറത്തേക്ക് കഴിവുകള്‍ ഉണ്ടെങ്കില്‍ അത് പരിപോഷിപ്പിക്കാനോ പ്രകടിപ്പിക്കാനോ ഒന്നും അവസങ്ങള്‍ ഉണ്ടായിരുന്നില്ല, വേദികളും ഉണ്ടായിരുന്നില്ല.

ഞങ്ങളെ കണ്ടെത്താന്‍ ആരും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ പോയി കണ്ട് എത്തിനോക്കണം. എന്നാലെങ്കിലും കണ്ടെങ്കിലായി. അങ്ങനെ എത്രയോ പേരുടെ പിറകെ നടന്ന് എത്രയോ കാലം കഴിഞ്ഞാണ് നമുക്കൊക്കെ സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നത്.

ഇപ്പോഴുള്ള ചെറുപ്പക്കാരുടെ വാതിലില്‍ വന്ന് മുട്ടുകയാണ്. നമ്മള്‍ വാതിലില്‍ മുട്ടിയാലും പണ്ട് തുറന്നിട്ടില്ല. ഇപ്പോള്‍ വന്ന നടന്മാരും നടിമാരും ഒക്കെ വളരെ ബ്രില്യന്റാണ്. നമുക്കൊപ്പം വന്നിരിക്കുന്നവരും നാഷണല്‍ അവാര്‍ഡ് തുരുതുരെ വാങ്ങിയവരാണ്. അഭിനയത്തിലൂടെയും മറ്റ് കലാപ്രകടനങ്ങളിലൂടെയെല്ലാം അവരുടെ കഴിവുകള്‍ തെളിയിച്ചതാണ്. എന്നെപോലെ പാട്ടും ഡാന്‍സും കോമഡിയുമൊന്നുമില്ലാതെ വന്നവരല്ല, അവരുടെ കയ്യില്‍ എല്ലാ ഐറ്റവുമുണ്ട്.

വിനീത് ശ്രീനിവാസന്‍, അവന്‍ ചെയ്യാത്ത പണിയില്ല. സുരാജ് വെഞ്ഞാറമൂടുണ്ട് ജോജുവുണ്ട്. ജോജുവൊക്കെ മരം വളര്‍ന്ന പോലെയാണ് വളര്‍ന്നത്. ചെറിയ റോളുകളില്‍ നിന്ന് ഒറ്റ വളര്‍ച്ചയായിരുന്നു. ഒരു തെങ്ങ് പോലെയായി,’ മമ്മൂട്ടി പറഞ്ഞു.

സുരാജിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളും ശ്രദ്ധ നേടി. സുരാജ് തന്റെ ഗുരുവാണെന്നും അദ്ദേഹത്തിന്റെ കലാപ്രകടനം കണ്ട് സന്തുഷ്ടനായാണ് സിനിമയിലേക്ക് വിളിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. 2021-22 വര്‍ഷത്തെ ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമറിനുള്ള പുരസ്‌കാര ജേതാവായി സുരാജിനെ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് മമ്മൂട്ടിയുടെ പരാമര്‍ശങ്ങള്‍.

‘ഇദ്ദേഹത്തിന്റെ കലാപ്രകടനം കണ്ട് ആകൃഷ്ടനായി ഇദ്ദേഹത്തോട് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും അദ്ദേഹത്തെ കുറച്ച് സഹായങ്ങളുമായി സമീപിക്കുകയും ചെയ്തു.

ഒരു സിനിമയില്‍ എന്നെ അഭിനയിക്കാന്‍ പഠിപ്പിക്കുകയും ചെയ്ത ആളാണ്. അസീസ് പറഞ്ഞതുപോലെ എനിക്കും അദ്ദേഹം ഒരു ഗുരുവാണ്. ഇദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ സമീപിച്ചു, അങ്ങനെ സിനിമയില്‍ വന്നു, ആ അവസരത്തില്‍ പിടിച്ച് അങ്ങ് കേറി. അങ്ങനെ കേറി കേറി പല തരത്തിലുള്ള വേഷങ്ങള്‍ അഭിനയിച്ചു. ഇപ്പോള്‍ നായകനായി, അവാര്‍ഡായി, ദേശീയ അവാര്‍ഡ് വരെ നേടി, എന്റെ ഒറ്റ കുഴപ്പം കൊണ്ടാണ്.

ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമറായി. ഇനി എന്നാണ് ഇന്‍സ്റ്റാന്‍ഡിങ് പെര്‍ഫോമര്‍ ആവുക എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇപ്പോള്‍ ഏകദേശം ആളെ മനസിലായി കാണുമല്ലോ, സുരാജ് വെഞ്ഞാറമൂട്,’ മമ്മൂട്ടിയുടെ വാക്കുകള്‍ കയ്യടികളോടെ വേദി സ്വീകരിച്ചു.

Content Highlight: Mammootty about Joju George

Latest Stories

We use cookies to give you the best possible experience. Learn more