| Monday, 24th October 2022, 2:45 pm

എല്ലാ കാലത്തും താരമായും സൂപ്പര്‍സ്റ്റാറായും ഇരിക്കില്ല; നെഗറ്റീവ് വേഷങ്ങള്‍ നായക ഇമേജിന് കോട്ടം തട്ടിക്കുമെന്ന ഭയമുണ്ടോയെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓരോ സിനിമകളിലേയും വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ വീണ്ടും വീണ്ടും അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. ഈ വര്‍ഷം മാത്രം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകളിലെ കഥാപാത്രങ്ങളുടെ വ്യത്യസ്തതയും ആഴവും കൂടുതല്‍ വ്യക്തമാകും.

പുതുമുഖ സംവിധായകര്‍ക്ക് നിരന്തരം ഡേറ്റ് കൊടുത്ത് പുതുമയാര്‍ന്ന പ്രമേയങ്ങളുടെ ഭാഗമായി അഭിനയത്തിന്റെ മറ്റൊരു തലം കൂടി പരീക്ഷിക്കുകയാണ് മമ്മൂട്ടി. പ്രേക്ഷകന്റെ പള്‍സറിഞ്ഞ് സിനിമ നല്‍കുന്ന നടനെന്ന വിശേഷണമാണ് അടുത്തകാലത്തായി മമ്മൂട്ടിക്ക് ആരാധകര്‍ ചാര്‍ത്തി നല്‍കുന്നത്.

എന്നാല്‍ തന്നെ സംബന്ധിച്ച് എല്ലാ കാലത്തും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്. പാരലല്‍ സിനിമകളിലൂടെയാണ് സിനിമ രംഗത്തേക്കുള്ള തന്റെ കടന്നു വരവെന്നും അക്കാലത്ത് സ്ഥിരം പാറ്റേണിലുള്ള സിനിമകളില്‍ അഭിനയിക്കുന്ന താരമായിരുന്നില്ല താന്‍ എന്നുമാണ് മമ്മൂട്ടി പറയുന്നത്. നെഗറ്റീവ് വേഷങ്ങള്‍ ഒരു തരത്തിലും ഇമേജിനെ ബാധിക്കുമെന്ന ഭയം തനിക്കുണ്ടായിരുന്നെന്നും മമ്മൂട്ടി പറയുന്നു.

നെഗറ്റീവ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ അത് തന്റെ നായക ഇമേജിന് കോട്ടം തട്ടിക്കുമോ എന്ന ഭയമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇമേജ് ഒന്നുമില്ലെന്നും പണ്ടും ഇപ്പോഴും ആക്ടര്‍ എന്ന ഇമേജ് മാത്രമാണ് തനിക്കുള്ളതെന്നാണ് മമ്മൂട്ടി നല്‍കുന്ന മറുപടി.

നടനെന്ന ഇമേജിന് അപ്പുറത്തേക്ക് ഒന്നുമില്ല. ബാക്കിയൊക്കെ ചാര്‍ത്തി കിട്ടിയതാണ്. പല കാലങ്ങളായി വന്നുപോകുന്ന കാര്യങ്ങളേ ഉള്ളൂ. എന്നും എല്ലാകാലത്തും നമ്മള്‍ താരമായി ഇരിക്കില്ല. എല്ലാ കാലത്തും നമ്മള്‍ സൂപ്പര്‍സ്റ്റാര്‍ ആവില്ല. ഇതിനൊക്കെ ഒരു കാലഘട്ടമുണ്ട്. അത് വന്നും പോയും കൊണ്ടിരിക്കും.

നടനെന്നും നടനായി നില്‍ക്കും. നല്ല നടനാകുക എന്നത് മാത്രമേ എന്നെ സംബന്ധിച്ചുള്ളൂ. ഇക്കാര്യം ഒരു 25 വര്‍ഷം മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട്. അന്ന് പറഞ്ഞ കാര്യം ഇപ്പോഴും ചെയ്യുന്നു എന്ന് മാത്രം, മമ്മൂട്ടി പറഞ്ഞു.

തന്റെ അരികിലേക്ക് വന്ന വ്യത്യസ്തമായ ഒരു സിനിമയും വിട്ടുകളഞ്ഞിട്ടില്ലെന്നും തന്നെക്കൊണ്ടാവുന്ന പോലെ അതിനെ സ്വീകരിച്ചിട്ടുണ്ടെന്നും സിനിമയില്‍ വന്ന കാലം മുതല്‍ തന്നെ അങ്ങനെയാണെന്നും മമ്മൂട്ടി പറഞ്ഞു.

അന്നും ഞാന്‍ സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്ന ആളാണ്. എനിക്ക് എന്തൊക്കെ പറ്റും, പറ്റില്ല, ഇനി എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നൊക്കെ ആലോചിക്കുന്ന ആളാണ്. ഇതിന് മുന്‍പ് ഞാന്‍ ചെയ്ത കാര്യങ്ങളിലും എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങള്‍ ഉണ്ട്. അത് ശ്രദ്ധിക്കപ്പെടാതെ പോയെങ്കില്‍ എന്റെ ഭാഗ്യക്കേട് എന്നേ പറയാനുള്ളൂ, മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty about His Superstar Image and Negative Roles

We use cookies to give you the best possible experience. Learn more