| Wednesday, 17th January 2024, 12:16 pm

സിനിമയില്‍ 42 വര്‍ഷമായി; ഭാരമാണെങ്കില്‍ ഞാന്‍ ഇത് എവിടെയെങ്കിലും ഇറക്കിവെക്കില്ലേ: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. നിരവധി സിനിമകളിലൂടെ പ്രേഷകരെ വിസ്മയിപ്പിച്ച താരം ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന ഒരോ കഥാപാത്രങ്ങളും ഏറെ ചര്‍ച്ചയാകുന്നതാണ്.

കാതല്‍ മുതല്‍ വരാനിരിക്കുന്ന ഭ്രമയുഗം വരെ അതില്‍ ഉള്‍പ്പെടുന്നു. താരത്തിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍.

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരുന്നു.

ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, നാല്പത്തി രണ്ട് വര്‍ഷമായി താന്‍ സിനിമയില്‍ വന്നിട്ടെന്നും സിനിമകള്‍ തെരഞ്ഞെടുക്കുന്നത് ഭാരമായിരുന്നെങ്കില്‍ അത് എവിടെയെങ്കിലും ഇറക്കി വെക്കില്ലേയെന്നും മമ്മൂട്ടി ചോദിച്ചു. ഈ ഭാരം ചുമക്കുന്നതാണ് അതിന്റെ സുഖമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബോളിവുഡില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അവര്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ കുറിച്ചാണ് പറയുന്നതെന്നും, ചുറ്റും ഉള്ള ആളുകള്‍ ഇത്തരത്തില്‍ സിനിമയുടെ തെരഞ്ഞെടുപ്പുകളെ പറ്റി സംസാരിക്കുമ്പോള്‍, അത് ഒരു പ്രതീക്ഷാഭാരമായോ ഉത്തരവാദിത്തമായോ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.

‘ഞാന്‍ നാല്പത്തി രണ്ട് വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഇത് ഒരു ഭാരമാണെങ്കില്‍ എവിടെയെങ്കിലും ഇറക്കി വെക്കില്ലേ. ഈ ഭാരം ചുമക്കുന്നതാണ് അതിന്റെ സുഖം,’ മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. ഈ വര്‍ഷം തിയേറ്ററിലെത്തുന്ന സിനിമകളില്‍ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയമായിരിക്കും ഭ്രമയുഗം റിലീസ് ചെയ്യുന്നത്.

Content Highlight: Mammootty About His Selection Of Movies

Latest Stories

We use cookies to give you the best possible experience. Learn more