| Friday, 17th May 2024, 8:30 am

എന്റെ കമ്പനി ആണെങ്കിലും ഞാന്‍ അഭിനയിക്കുന്നതിന് പൈസ വാങ്ങിക്കണം, അതിന് ടാക്‌സും കൊടുക്കണം: ടര്‍ബോയിലെ പ്രതിഫലത്തെക്കുറിച്ച് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വന്തം കമ്പനിയാണെങ്കിലും സിനിമയിലഭിനയിച്ചതിന് പ്രതിഫലം കിട്ടണെമെന്ന് മമ്മൂട്ടി. താരത്തിന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സ്വന്തം കമ്പനിയായതിനാല്‍ പ്രതിഫലം ഇല്ലാതെയാണോ ഈ സിനിമയില്‍ അഭിനയിച്ചതെന്ന് ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന സിനിമയായതുകൊണ്ട് റെമ്യൂണറേഷന്‍ തരാതിരിക്കാന്‍ കഴിയില്ലെന്നും ഒരു നിശ്ചിത തുക എഴുതിയെടുത്ത് അതിന് കൃത്യമായി ടാക്‌സ് കൊടുക്കേണ്ടതുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒരു നിര്‍മാതാവ് എന്ന നിലയില്‍ ബജറ്റ് നിയന്ത്രിക്കാന്‍ നോക്കിയാലും നടന്‍ എന്ന നിലയില്‍ അതിന് സാധിക്കാതെ വരില്ലെന്ന് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

‘ഈ സിനിമയില്‍ എന്നല്ല , മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന സിനിമകളില്‍ എനിക്ക് പ്രതിഫലം തരേണ്ടതുണ്ട്, അതാണ് കണക്ക്. അഭിനയിച്ചാല്‍ നമുക്ക് പൈസ തരണം. ഒരു നിശ്ചിത തുക എഴുതിയെടുത്ത് വാങ്ങണം. അതിന് കൃത്യമായി ടാക്‌സും കൊടുക്കണം. ശമ്പളം തരാതിരിക്കാന്‍ കഴിയില്ല. സിനിമ നഷ്ടമായാല്‍ അതിന്റെ കൂടെ എനിക്ക് കിട്ടിയ പൈസയും നഷ്ടമാകുമെന്നേയുള്ളൂ,’ മമ്മൂട്ടി പറഞ്ഞു.

‘ഈ സിനിമയില്‍ മമ്മൂട്ടി എന്ന നടനും മമ്മൂട്ടി എന്ന നിര്‍മതാവും തമ്മില്‍ പല കോണ്‍ഫ്‌ളിക്റ്റുകളും ഉണ്ടായിട്ടുണ്ട്. കാരണം, മമ്മൂട്ടി എന്ന നടന്‍ 40 വര്‍ഷത്തെ എക്‌സ്പീരിയന്‍സുള്ളയാളാണ്. മമ്മൂട്ടി എന്ന പ്രൊഡ്യൂസര്‍ പുതിയ ആളാ. അപ്പോള്‍ പലപ്പോഴും ബജറ്റ് കുറക്കാന്‍ അദ്ദേഹത്തിലെ നിര്‍മാതാവ് ശ്രമിച്ചാലും അദ്ദേഹത്തിലെ നടന്‍ അതിന് സമ്മതിക്കില്ല. കാരണം, ഓരോ ഫ്രെയിമും എങ്ങനെ വേണമെന്നുള്ളത് അദ്ദേഹത്തിലെ നടന്‍ ചിന്തിച്ച് തീരുമാനമെടുക്കും,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

Content Highlight: Mammootty about his remuneration of his movies under the production of Mammootty Kampany

We use cookies to give you the best possible experience. Learn more