| Monday, 18th November 2024, 3:25 pm

ഞാൻ അവരിൽ ഒരാളായി മാറി, ഇപ്പോൾ അവർ പേര് വിളിക്കുന്നതാണ് എനിക്കിഷ്ടം: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി. വിവിധ ഭാഷകളിൽ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം തന്റെ എഴുപതുകളിലും ഇന്ത്യൻ സിനിമയെ ഞെട്ടിക്കുകയാണ്. നിരവധി സംവിധായകരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നടൻ കൂടിയാണ് മമ്മൂട്ടി.

കാതൽ ദി കോർ, നൻപകൽ നേരത്ത് മയക്കം, ഭ്രമയുഗം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ മമ്മൂട്ടി ഇന്ത്യൻ സിനിമയെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.

സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവർ എങ്ങനെയാണെങ്കിലും സിനിമയിലേക്കെത്തുമെന്നും താനും നടൻ ജഗദീഷുമൊക്കെ പണ്ട് ഒരു തൊഴിലുണ്ടായിരുന്നവരാണെന്നും മമ്മൂട്ടി പറയുന്നു. എന്നാൽ സിനിമയിലേക്ക് എത്തിയതിന് ശേഷം ചെറിയ കുട്ടികളടക്കം തന്നെ പേരാണ് വിളിക്കുന്നതെന്നും പണ്ടൊക്കെ അത് പ്രയാസമായി തോന്നിയിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. പക്ഷെ ഇപ്പോൾ താൻ അവരിലൊരാളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമയിലേക്ക് വരേണ്ട ആള് എങ്ങനെയാണെങ്കിലും എവിടെ നിന്ന് വേണമെങ്കിലും സിനിമയിലേക്ക് ചാടും. ജഗദീഷ് കോളേജിൽ പഠിപ്പിച്ചു കൊണ്ടിരുന്ന ആളാണ്. ആളുകൾക്ക് നല്ല ബഹുമാനവും, സ്നേഹവുമൊക്കെ ഉണ്ടായിരുന്ന ആളാണ്. ഇപ്പോൾ കാക്ക തൂറിയെന്ന് പറഞ്ഞാണ് ആളുകൾ വിളിക്കുന്നത്.

ഞാനും മാന്യമായ ഒരു തൊഴിൽ ഉണ്ടായിരുന്ന ആളാണ്. അത്യാവശ്യം ആളുകൾ കാണുമ്പോൾ എഴുന്നേറ്റ് നിൽക്കുകയും ഗുഡ് മോണിങ് പറയുകയുമെല്ലാം ചെയ്യുമായിരുന്നു. ഇപ്പോൾ ഒരു നാല് വയസായ പിള്ളേര് പോലും പേരാണ് വിളിക്കുന്നത്. മമ്മൂട്ടിയെന്നാണ് വിളിക്കുന്നത്.

പണ്ടൊക്കെ പിള്ളേര് മമ്മൂട്ടിയെന്ന് വിളിക്കുമ്പോൾ നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോടാ എന്ന് തിരിച്ച് ചോദിക്കാൻ എനിക്ക് തോന്നുമായിരുന്നു. പക്ഷെ ഇപ്പോൾ പിള്ളേരോട് ചോദിക്കാൻ എനിക്ക് നാണമാണ്, എനിക്ക് അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന്. അതുകൊണ്ട് ഞാൻ അവരുടെ കൂടെയുള്ള ഒരാളായി മാറി. ഇപ്പോൾ എന്നെ അവർ പേര് വിളിക്കുന്നതാണ് എനിക്കിഷ്ടം,’മമ്മൂട്ടി പറയുന്നു.

അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് , മമ്മൂട്ടി – വിനായകൻ ചിത്രം തുടങ്ങി ഒരുപിടി മികച്ച സിനിമകൾ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുണ്ട്.

Content Highlight: Mammootty About His Fans And His Career

We use cookies to give you the best possible experience. Learn more