| Tuesday, 25th October 2022, 12:36 pm

കള്ള് കുടിച്ച് കപ്പയും മീനും കഴിക്കുന്ന സീന്‍ മൂന്ന് രാത്രിയാണ് ഷൂട്ട് ചെയ്തത്; ഈ കപ്പയും മീനും ഞാന്‍ തീര്‍ത്തിട്ടേ ഷൂട്ട് തീരൂ; ഡയറ്റിങ്ങിനെ കുറിച്ച് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ഡയറ്റിങ്ങിനെ കുറിച്ചും ഭക്ഷണക്കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന ചില കണിശതകളെ കുറിച്ചും ഏത് സിനിമയുടെ ലൊക്കേഷനായാലും അവിടേക്ക് സ്വന്തം വീട്ടില്‍ വെച്ചുണ്ടാക്കിയ ഭക്ഷണം എത്തിച്ച് വിളമ്പിക്കൊടുക്കുന്ന അദ്ദേഹത്തിന്റെ ശീലത്തെ കുറിച്ചുമൊക്കെ പല താരങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്.

എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാവരും പറയുന്ന പോലെയുള്ള വലിയ കണിശതകളൊന്നും തനിക്കില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ചില സിനിമകളുടെ ഷൂട്ടില്‍ ഭക്ഷണം കഴിക്കുന്ന സീനാണെങ്കില്‍ പലപ്പോഴും രണ്ടും മൂന്നും സെറ്റ് തനിക്ക് വേണ്ടി കൊണ്ടുവരാറുണ്ടെന്നും പലപ്പോഴും കൊണ്ടുവയ്ക്കുന്നത് താന്‍ കഴിച്ച് തീര്‍ന്നുപോകാറുണ്ടെന്നുമാണ് മമ്മൂക്ക പറയുന്നത്. നല്ല ഭക്ഷണം കാണുമ്പോള്‍ ഡയറ്റിങ്ങിനെ കുറിച്ചൊന്നും ആലോചിക്കാന്‍ സമയമുണ്ടാകില്ലെന്നും താരം പറയുന്നു.

ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമയുടെ സെറ്റിലുണ്ടായ സംഭവത്തെ കുറിച്ചാണ് രമേഷ് പിഷാരടിയുമൊത്ത് നടത്തിയ അഭിമുഖത്തില്‍ മമ്മൂട്ടി പങ്കുവെക്കുന്നത്.

‘ഏത് സിനിമയില്‍ ഭക്ഷണം കഴിക്കുന്ന സീനുണ്ടെങ്കിലും എനിക്ക് രണ്ട് മൂന്ന് സെറ്റ് കൊണ്ടുവന്ന് തരേണ്ടി വരും. ഞാന്‍ അത് അവിടെ ഇരുന്ന് കഴിച്ചുകൊണ്ടേയിരിക്കും. പിന്നെ കൗണ്ടര്‍ ഷോട്ട് എടുക്കുന്ന സമയത്ത് മാത്രമാണ് നമ്മള്‍ കഴിക്കാതിരിക്കുന്നത്.

കാഴ്ച സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം. പാട്ടിന് മുന്‍പായി ഞാനും മനോജ് കെ. ജയനും തമ്മിലുള്ള ഒരു സീനുണ്ട്. ശിവാജി ഗണേശന്റെ ഡയലോഗൊക്കെ പറഞ്ഞ് ഇത്തിരി കള്ളൊക്കെ കുടിക്കുന്ന സീനാണ്. ആ കള്ളിനൊപ്പം കൊണ്ടുവെച്ചിരിക്കുന്നത് നല്ല കപ്പയും മീനുമാണ്. മൂന്ന് രാത്രിയാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. ഈ മൂന്ന് രാത്രിയും കപ്പയും മീനും കണ്ടിന്യൂറ്റി ആണ്. ഈ കപ്പയും മീനും ഞാന്‍ തീര്‍ത്തിട്ടേ ഷൂട്ട് തീരത്തുള്ളൂ (ചിരി). എന്നും ഇവര്‍ കപ്പയും മീനും കൊണ്ടുവരണം, മമ്മൂട്ടി പറഞ്ഞു.

അപ്പോള്‍ ഇക്ക ഭയങ്കര ഡയറ്റിങ് ആണെന്ന് പറഞ്ഞുപരത്തിയത് ആരാണെന്ന പിഷാരടിയുടെ ചോദ്യത്തിന് ഡയറ്റിങ്ങൊക്കെ ഉണ്ടെന്നും എന്നുവെച്ച് കപ്പയും മീനും കാണുമ്പോള്‍ ഡയറ്റിങ്ങിനെ പറ്റി ആലോചിച്ചിട്ട് വല്ല കാര്യവും ഉണ്ടോ എന്നുമായിരുന്നു മമ്മൂട്ടിയുടെ രസകരമായ മറുപടി. കപ്പയും മീനുമൊക്കെ കഴിച്ചു കഴിഞ്ഞാല്‍ പിന്നെ വേണമെങ്കില്‍ അടുത്ത രണ്ട് ദിവസത്തേക്ക് ചോറോ മറ്റോ കഴിക്കാതിരിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.

‘ഗാനഗന്ധവര്‍വന്‍ സിനിമയുടെ ഷൂട്ടിനിടെ ഇക്കയെ ഞാന്‍ തട്ടുകടയില്‍ ഇരുത്തി. ബുള്‍സൈ തിന്നുന്ന സീന്‍ എടുക്കുകയാണ്. ടേക്കിന് മുന്‍പ് അവിടെ കൊണ്ടുവെച്ചിരുന്ന ഒന്ന് രണ്ട് ബുള്‍സൈ ഇക്ക എടുത്ത് തിന്നു’ എന്ന് പിഷാരടി പറഞ്ഞപ്പോള്‍ ബുള്‍സൈ ഒക്കെ പിന്നെ എത്ര നേരം നോക്കിക്കൊണ്ടിരിക്കും എന്നായിരുന്നു ചിരിയോടെയുള്ള മമ്മൂക്കയുടെ മറുപടി.

നേരത്തെ റോഷാക്ക് ഷൂട്ടിനിടെ കശുവണ്ടി ഫാക്ടറിയിലെ സീന്‍ എടുക്കുമ്പോള്‍ അവിടെ ഇരുന്ന് കാഷ്യൂ കഴിക്കുന്ന മമ്മൂക്കയെ കുറിച്ച് ഗ്രേസ് ആന്റണി ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു

‘എന്റെ ഷോട്ട് കഴിഞ്ഞ് വരുമ്പോള്‍ അവിടെ ഇരുന്ന് കാഷ്യൂ കഴിക്കുന്ന മമ്മൂക്കയെയാണ് കാണുക. എന്നെ കണ്ടാല്‍ അദ്ദേഹം കഴിക്കാനായി എടുത്ത് വെച്ചത് എടുത്തു തരും. ഞാനാണെങ്കില്‍ ഇത് വാങ്ങിക്കഴിച്ചുകൊണ്ടേയിരിക്കും. നല്ല രസമുണ്ടല്ലേ തൊലി കളഞ്ഞുവെച്ചത് ഇങ്ങനെ കഴിക്കാന്‍, ഇനി വേണമെങ്കില്‍ സ്വന്തം എടുത്ത് കഴിച്ചോ എന്ന് പറഞ്ഞ് കാഷ്യൂ എടുത്ത് ഇക്ക കയ്യില്‍ തരും,’ എന്നായിരുന്നു ഗ്രേസ് അഭിമുഖത്തില്‍ പറഞ്ഞത്.

Content Highlight: Mammootty about his Diet and kappan fish curry eating scene on Kazhcha movie

We use cookies to give you the best possible experience. Learn more