| Monday, 6th January 2025, 11:04 am

ആ രണ്ട് നടന്മാരുടെയും ഗുണങ്ങളുള്ള ആക്ടറാണ് ലാലെന്ന് ഞാൻ അന്ന് പറഞ്ഞിട്ടുണ്ട്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ തലപ്പത്ത് നിൽക്കുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. എൺപതുകൾ മുതൽ മലയാളികൾ കാണുന്ന ഈ മുഖങ്ങൾ മലയാള സിനിമയുടെ യശസ് മറ്റ് ഭാഷകൾക്ക് മുന്നിൽ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സൂപ്പർ സ്റ്റാറുകൾ എന്നതിലുപരി മികച്ച നടന്മാരായും നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികളുടെ അഭിമാനമാണ്.

മോഹൻലാലിനെ കുറിച്ചും അദ്ദേഹമൊത്തുള്ള സൗഹൃദത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് മമ്മൂട്ടി. പടയോട്ടം എന്ന സിനിമയിലൂടെയാണ് തങ്ങൾ പരിചയപെടുന്നതെന്നും ആദ്യകാലത്ത് വില്ലൻ വേഷങ്ങളായിരുന്നു മോഹൻലാൽ ചെയ്തിരുന്നതെന്നും മമ്മൂട്ടി പറയുന്നു.

അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് മോഹൻലാലെന്ന് താൻ അന്ന് പറയുമായിരുന്നുന്നുവെന്നും മോഹൻലാലിൻറെ ഒരുപാട് സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ അദ്ദേഹം വല്ലപ്പോഴുമേ സിനിമകൾ കാണാറുള്ളൂവെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

‘ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് പടയോട്ടത്തിലാണ്. അങ്ങനെ ഞാന്‍ ലൊക്കേഷനിലേക്ക് ചെന്നു. മോഹന്‍ലാലിന്റെ അച്ഛനായിട്ടാണ് അഭിനയിക്കുന്നത്. ലാല്‍ ആദ്യം വില്ലന്‍ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. അതുപോലെ തമാശകള്‍ ഒരുപാട് ഉണ്ടാക്കുന്ന ആളാണ്.

ഞാന്‍ അന്ന് ലാലിനെ പറ്റി പറഞ്ഞ ഒരു കാര്യമുണ്ട്. അതൊരു തമാശയാണ്. അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് ലാല്‍ എന്ന് പറഞ്ഞു. ഈ രണ്ട് പേരുടേയും ഗുണങ്ങള്‍ ലാലിലുണ്ട്. അത് ലാലിനും ഓര്‍മയുണ്ടാകും. പിന്നെ ആ രീതികളൊക്കെ മാറി, ലാല്‍ നായകനായി.

ആക്ടര്‍ എന്ന നിലയില്‍ ലാല്‍ ഒരുപാട് വളര്‍ന്ന് ഇപ്പോഴത്തെ മോഹന്‍ലാലായി. അത് നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും കണ്ടല്ലേ നില്‍ക്കുന്നത്. എന്റെ സിനിമകള്‍ ലാല്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ലാലിന്റെ സിനിമകള്‍ കാണും. ലാല്‍ വല്ലപ്പോഴുമൊക്കെയേ സിനിമ കാണൂ. ഞാന്‍ എല്ലാ സിനിമയും കാണും.

ലാലിന്റെ സിനിമകള കുറിച്ചൊക്കെ അക്കാലത്ത് ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ താരങ്ങളായി. രണ്ട് നടന്‍മാരായി. എല്ലാ സ്ഥലത്തും ഒരുപോലെയായി. അവാര്‍ഡ് കിട്ടുന്നതുപോലും അങ്ങനെയായി. ഒരു വര്‍ഷം ഒരാള്‍ക്ക് അടുത്ത വര്‍ഷം ഒരാള്‍ക്ക് എന്ന രീതിയിലൊക്കെ കാര്യങ്ങള്‍ മാറി,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty About Friendship About Mohanlal

We use cookies to give you the best possible experience. Learn more