നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ തലപ്പത്ത് നിൽക്കുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. എൺപതുകൾ മുതൽ മലയാളികൾ കാണുന്ന ഈ മുഖങ്ങൾ മലയാള സിനിമയുടെ യശസ് മറ്റ് ഇൻഡസ്ട്രികൾക്ക് മുന്നിൽ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സൂപ്പർ സ്റ്റാറുകൾ എന്നതിലുപരി മികച്ച നടന്മാരായും നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികളുടെ അഭിമാനമാണ്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം ഇന്ന് തിയേറ്ററിൽ എത്തിയിരുന്നു, ത്രീഡിയായി ഒരുക്കിയ സിനിമ മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. മമ്മൂട്ടിയടക്കമുള്ള അഭിനേതാക്കൾ മോഹൻലാലിന് ആശംസകളുമായി മുന്നോട്ട് വന്നിരുന്നു.
സിനിമ സംവിധാനം ചെയ്യാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്. അഭിനേതാവായി ഇരിക്കുകയെന്നതാണ് തനിക്ക് കൂടുതൽ കംഫർട്ടബിളായ കാര്യമെന്നും എന്നാൽ പണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹം തോന്നിയിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. താൻ സിനിമ സംവിധാനം ചെയ്തില്ലെങ്കിലും ഇവിടെ സിനിമ സംഭവിക്കുമെന്നും നല്ല നടനാണെന്ന് ആദ്യം തെളിയിക്കട്ടെയെന്നും മമ്മൂട്ടി പറയുന്നു.
‘എനിക്ക് അഭിനേതാവായി ഇരിക്കുകയെന്നതാണ് കൂടുതൽ കംഫർട്ടബിളായ കാര്യം. പണ്ടൊക്കെ ഒരു സിനിമ സംവിധാനം ചെയ്യണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷെ എന്നെക്കൊണ്ടത് ആവില്ലെന്ന് കരുതിയപ്പോൾ ഞാനത് മാറ്റിവെച്ചു. ഒരു നല്ല ആക്ടർ ആണെന്ന് ആദ്യം തെളിയിക്കട്ടെ. ഞാനിപ്പോൾ സിനിമ സംവിധാനം ചെയ്തില്ലെങ്കിലും ഇവിടെ സിനിമ സംഭവിക്കുമല്ലോ. ഞാൻ സിനിമ സംവിധാനം ചെയ്തില്ലെന്ന് കരുതി ആളുകൾ സമരം ചെയ്യാനൊന്നും പോവുന്നില്ല,’മമ്മൂട്ടി പറയുന്നു.
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി നാളേറെയായി മലയാളികൾ കാത്തിരിക്കുകയായിരുന്നു. ഈയിടെ സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന പുതിയ സിനിമയിൽ ഇരുവരും ഒന്നിക്കുന്നുവെന്ന് വാർത്തകൾ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ അഭിനേതാക്കളും സിനിമയുടെ ഭാഗമാവുമെന്നാണ് റിപ്പോർട്ടുകൾ
Content Highlight: Mammootty About Film Direction