|

പൊലീസുകാര്‍ക്കിടയിലും താന്തോന്നികളും തെമ്മാടികളുമുണ്ടാകും, അതിന് നിരവധി അര്‍ത്ഥങ്ങളുണ്ട്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാ പൊലീസുകാരും മനുഷ്യരാണെന്നും അതിനാല്‍ തന്നെ അവര്‍ക്കിടയിലും നല്ലവരും ചീത്തയുമായിട്ടുള്ള ആളുകള്‍ ഉണ്ടാകുമെന്നും മമ്മൂട്ടി. ഫെബ്രുവരി 9ന് തിയേറ്ററിലെത്താന്‍ ഒരുങ്ങുന്ന ക്രിസ്റ്റഫറിന്റെ റിലീസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി ക്രിസ്റ്റഫറിലെത്തുന്നത്.

സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഇത്തരരമൊരു പരാമര്‍ശം നടത്തിയത്. പൊലീസിലും താന്തോന്നികളും തെമ്മാടികളുമുണ്ടാകുമെന്നും ഔദ്യോഗീക നിലയനുസരിച്ച് ആളുകളെ വേര്‍തിരിച്ച് കാണാന്‍ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു.

‘ഞാന്‍ ക്രിസ്റ്റഫറിലും പൊലീസ് വേഷമാണ് ചെയ്യുന്നത്. ഈ പോലീസുകാരെല്ലാം മനുഷ്യന്മാര്‍ തന്നെയാണ്. മനുഷ്യരിലും പൊലീസുകാരുണ്ട് എന്ന് പറയുന്നതുപോലെയാണ്. അവരെ സംബന്ധിച്ചിടത്തോളം അവര്‍ മനുഷ്യനെന്നതിന് അപ്പുറത്തേക്ക് പൊലീസുകാരാണ്. നമ്മുടെ സമൂഹത്തിലുള്ള ആളുകള്‍ തന്നെയാണ് പൊലീസുകാരായിട്ട് വരുന്നതും. അതുകൊണ്ട് തന്നെ സമൂഹത്തിലുണ്ടാകുന്ന എല്ലാത്തരം മനുഷ്യരും പൊലീസിലുമുണ്ടാകാം.

നല്ലവരും ചീത്തയായിട്ടുള്ളവരും മടിയന്മാരും താന്തോന്നികളും തെമ്മാടികളും എല്ലാം അവിടെയും ഉണ്ടാകാം. നമുക്ക് മനുഷ്യരെ അവരുടെ ഔദ്യോഗിക നിലയനുസരിച്ച് വേര്‍തിരിച്ച് കാണാന്‍ കഴിയില്ലല്ലോ. അതില്‍ നിന്നെല്ലാം വ്യത്യസ്തനായി നില്‍ക്കുന്ന ഒരാളായിട്ടാണ് ക്രിസ്റ്റഫറിനെ ഞാന്‍ കാണുന്നത്. അങ്ങനെയാക്കി തീര്‍ക്കാനാണ് ഞാന്‍ ശ്രമിച്ചിരിക്കുന്നതും.

ഈ സിനിമക്ക് ക്രിസ്റ്റഫര്‍ എന്ന് പേര് നല്‍കുമ്പോള്‍ തന്നെ അതിന് പിന്നില്‍ ഉണ്ണി നിരവധി അര്‍ത്ഥങ്ങള്‍ കണ്ടിരുന്നു. സിനിമ കണ്ട് കഴിയുമ്പോള്‍ എന്തുകൊണ്ടാണ് അയാള്‍ക്ക് അങ്ങനെയൊരു പേര് വന്നതെന്ന് നമുക്ക് തോന്നും. അതിന് ബിബ്ലിക്കല്‍ റെഫറന്‍സുണ്ടോ സോഷ്യല്‍ റെഫറന്‍സുണ്ടോ യഥാര്‍ത്ഥ സംഭവങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സിനിമ കണ്ടുകഴിയുമ്പോള്‍ മനസിലാകും.

റിയല്‍ ലൈഫിലെ ചില സംഭവങ്ങളുമായി ഇതിന് ബന്ധമുണ്ട് അത് നമ്മള്‍ മറച്ചുവെക്കുന്നില്ല. അത് നിങ്ങള്‍ക്ക് മനസിലാവുകയാണെങ്കില്‍ അത്രയും സന്തോഷം. സിനിമയില്‍ ആ കാര്യം നമ്മള്‍ പരസ്യമായി പറഞ്ഞുപോകുന്നില്ല. ഇതൊക്കെയാണ് ക്രിസ്റ്റഫറിലെ കഥാപാത്രത്തെ കുറിച്ച് എനിക്ക് പറയാനുള്ളത്,’ മമ്മൂട്ടി പറഞ്ഞു.

ബി. ഉണ്ണികൃഷ്ണനാണ് ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മി, സ്‌നേഹ, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ വേഷമിടുന്നത്. ഇതിനുപുറമെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

content highlight: mammootty about christopher movie charecter

Latest Stories