ടര്‍ബോ സിനിമയില്‍ റിസ്‌കിയായിട്ടുള്ള ഒരുപാട് ചെയ്‌സിങ് സീനുകളുണ്ടെന്ന് മമ്മൂട്ടി. ഡ്രൈവിങ് ഇഷ്ടപ്പെടുന്ന താന്‍ ആ സീനുകള്‍ ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്ന് താരം പറഞ്ഞു. എന്നാല്‍ ഷൂട്ടിനിടയില്‍ ഒരു അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടുവെന്നും മമ്മൂട്ടി പറഞ്ഞു. ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
സിനിമയില്‍ ഒരു ബസിനെ ചെയ്‌സ് ചെയ്ത് അതിന്റെ മുന്നിലേക്ക് പോകുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നെന്നും ആ സീനില്‍ താന്‍ വീതിയുള്ള ചെരുപ്പ് ധരിച്ചതിനാല്‍ ബ്രേക്കിന് പകരം ചവിട്ടിപ്പോയത് ആക്‌സിലേറ്ററിലാണെന്നും താരം പറഞ്ഞു. എന്തോ ഭാഗ്യത്തിനാണ് ആ സീനില്‍ അപകടം പറ്റാതെയിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
‘ഡ്രൈവിങ് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്. ഈ സിനിമയില്‍ അത്യാവശ്യം ഡ്രൈവിങ് ചെയ്യാനുള്ള വകുപ്പുണ്ടായിരുന്നു. മൂന്ന് നാല് ചെയ്‌സിങ് സീനുകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഡ്യൂപ്പൊന്നും ഇല്ലാതെയാണ് അതൊക്കെ ചെയ്തത്. അതില്‍ ഒരു സീന്‍ ചെയ്തപ്പോള്‍ അപകടം പറ്റേണ്ടതായിരുന്നു. ഒരു സീനില്‍ ബസിന്റെ മുന്നിലേക്ക് ചെന്ന് ബ്രേക്ക് പിടിക്കുന്ന സീനാണ്. വീതിയുള്ള ചെരുപ്പാണ് ഞാന്‍ ആ സീനില്‍ ധരിച്ചത്. അപ്പോള്‍ ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്ററിലായിരുന്നു. ഒടുവില്‍ ഹാന്‍ഡ് ബ്രേക്ക് പിടിച്ചാണ് വണ്ടി നിര്‍ത്തിയത്,’ മമ്മൂട്ടി പറഞ്ഞു.
മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. കന്നഡ താരം രാജ്.ബി. ഷെട്ടി, തെലുങ്ക് താരം സുനില്‍, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, ശബരീഷ് വര്‍മ, ദിലീഷ് പോത്തന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മെയ് 23ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Mammootty about car stunt scene in Turbo