'ഭ്രമയുഗത്തില്‍ പ്രതീക്ഷ വെക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുത് ': പ്രസ്മീറ്റില്‍ മമ്മൂട്ടി
Entertainment
'ഭ്രമയുഗത്തില്‍ പ്രതീക്ഷ വെക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുത് ': പ്രസ്മീറ്റില്‍ മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th February 2024, 12:10 pm

 

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് എത്തുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ വരുന്ന സിനിമയെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.

അബുദാബിയില്‍ വച്ച് നടന്ന ട്രെയ്‌ലര്‍ ലോഞ്ചില്‍ മമ്മൂട്ടി, സിനിമയുടെ കഥയെക്കുറിച്ച് ആരും ഒന്നും ചിന്തിക്കരുതെന്ന് പറഞ്ഞിരുന്നു. ഇതിനെപ്പറ്റി പ്രസ് മീറ്റില്‍, എന്തുകൊണ്ടാണ് ഭ്രമയുഗത്തില്‍ പ്രതീക്ഷ വെക്കരുതെന്ന് പറഞ്ഞതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘പ്രതീക്ഷ വെക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ട്രെയ്‌ലര്‍ കണ്ടിട്ട് സിനിമയുടെ കഥ നിങ്ങള്‍ ഊഹിക്കരുത് എന്നാണ് പറഞ്ഞത്. നിങ്ങള്‍ ഒരു കഥ മനസില്‍ കണ്ടിട്ട് സിനിമ കാണാന്‍ വന്നാല്‍ അത് ആസ്വാദനത്തെ ബാധിക്കും. ശൂന്യമായ മനസ്സോടുകൂടി വന്ന് കാണുക. അപ്പോള്‍ സിനിമ എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അത് നിങ്ങള്‍ക്ക് ലഭിക്കും. പോസ്റ്ററും ട്രെയ്‌ലറും കണ്ട് പലരും പലതും ഡീക്കോഡ് ചെയ്ത് ഓരോ കഥകള്‍ ഉണ്ടാക്കും. അത് ചിലപ്പോള്‍ ശരിയായിരിക്കും ചിലപ്പോള്‍ തെറ്റായിരിക്കും. അതും മനസില്‍ വച്ചുകൊണ്ട് സിനിമ കാണുമ്പോള്‍ അതിന്റെ ത്രില്‍ നഷ്ടപ്പെടും. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുത്,’ മമ്മൂട്ടി പറഞ്ഞു.

അര്‍ജുന്‍ അശേകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. 18ാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണം എഴുതുന്നത്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിതരം പുറത്തിറങ്ങും. ഫെബ്രുവരി 15നാണ് റിലീസ്.

Content Highlight: Mammootty about Bramayugam hype