| Tuesday, 9th March 2021, 1:30 pm

എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല, അത് നേരെയായിട്ട് സംവിധാനമൊക്കെ നോക്കാം: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുടെ മറ്റു മേഖലകളിലേക്ക് കടക്കാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി മമ്മൂട്ടി. ആദ്യം അഭിനയം ശരിയാകട്ടെ പിന്നീടാകാം സംവിധാനവും മറ്റും കാര്യങ്ങളുമെന്നുമാണ് ചോദ്യത്തോട് മമ്മൂട്ടി പ്രതികരിച്ചത്. ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഭിനയമല്ലാതെ മറ്റേതെങ്കിലും മേഖലയിലേക്ക് തിരിയാന്‍ താല്‍പര്യമുണ്ടോയെന്നായിരുന്നു മമ്മൂട്ടിയോട് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചത്. ‘എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല. അത് ആദ്യം നേരയാവട്ടെ, എന്നിട്ട് സംവിധാനവും ബാക്കിയുള്ള കാര്യങ്ങളുമൊക്കെ നോക്കാം,’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും താനും ആരെയും സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.

തനിക്ക് രാഷ്ട്രീയമുണ്ടെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിലവില്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് താന്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്, അത് സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. തല്‍ക്കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മമ്മൂട്ടി ആവര്‍ത്തിച്ചു.

ഭാവിയില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, അത് എന്തിനാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഞാനല്ലേ പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു മറുപടി. തമിഴ്നാട്ടില്‍ നടന്മാര്‍ കൂട്ടത്തോടെ രാഷ്ട്രീയത്തിലിറങ്ങുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ മലയാളത്തില്‍ അത് കാണാന്‍ സാധ്യതയില്ലെന്നാണ് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

കേരളത്തില്‍ സെക്കന്റ് ഷോ അനുവദിച്ചതോടെയാണ് പ്രീസ്റ്റ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 11 നാണ് ചിത്രം റിലീസ് ചെയ്യുക. മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്ന പ്രീസ്റ്റ് സംവിധാനം ചെയ്യുന്നത് നവാഗതനായ ജോഫിന്‍ ആണ്.

ചിത്രത്തില്‍ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി .എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ്. 2020 ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Mammootty about acting and direction funny comment

We use cookies to give you the best possible experience. Learn more