ഇപ്പോള്‍ സംവിധാനത്തിലേക്ക് പേകണ്ട എന്നും അഭിനയിച്ച് കുറച്ച് പണമുണ്ടാക്കൂ എന്നും തന്നോട് മമ്മൂട്ടി പറഞ്ഞിരുന്നതായി നടന്‍ കലാഭവന്‍ ഷാജോണ്‍. ഓട്ടോ ജേര്‍ണലിസ്റ്റ് ബൈജു എന്‍. നായരുമായി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഷാജോണ്‍. സംവിധാനം നേരത്തെയായി എന്ന് തോന്നുന്നില്ല എന്നും ബൈജു എന്‍. നായരുടെ ചോദ്യത്തിന് ഉത്തരമായി ഷാജോണ്‍ പറഞ്ഞു.
ഞാന്‍ സിനിമയിലെത്തിയിട്ട് ഇപ്പോള്‍ 25 വര്‍ഷമാകാറായി. 1999ലാണ് ഞാന്‍ സിനിമയിലെത്തുന്നത്. 2019ലാണ് ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ മറ്റൊരു കാര്യത്തിനായി മമ്മൂക്കയെ കണ്ടിരുന്നു. അന്ന് സംവിധാനത്തിന്റെ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. അടുത്തൊരു സിനിമയെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. അപ്പോഴാണ് മമ്മൂക്ക ഈ ഉപദേശം തന്നത്.
ആക്ടിങ്ങില്‍ സജീവമായി നില്‍ക്കുന്ന ഈ സമയത്ത് സംവിധാനത്തിലേക്ക് പേകണ്ട എന്നും അഭിനയിച്ച് കുറച്ച് പൈസയുണ്ടാക്ക് എന്നും മമ്മൂക്ക ഉപദേശിച്ചു. സംവിധാനം കുറച്ച് കഴിഞ്ഞിട്ട് ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നെ സംബന്ധിച്ച് സംവിധാനത്തിന് ഒരു കിക്ക് കിട്ടിയിട്ടില്ല. സംവിധാനം ചെയ്താല്‍ ഇനി അഭിനയിക്കാന്‍ ചാന്‍സ് കിട്ടുമോ എന്ന് മുമ്പൊക്കെ ആശങ്കയുണ്ടായിരുന്നു. ഇപ്പോ അതില്ല. ഇന്ന് സംവിധായകരും പ്രൊഡ്യൂസര്‍മാരുമൊക്കെ അഭിനയിക്കുകയും നടന്‍മാര്‍ സംവിധാനം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. ജോണിച്ചേട്ടനൊക്കെ (ജോണി ആന്റണി) വന്ന് കത്തിനില്‍ക്കുകയല്ലേ ഇപ്പോള്‍,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
ബ്രദേഴ്‌സ് ഡേ സിനിമയുടെ സംവിധാനത്തിലേക്ക് വന്നത് പെട്ടെന്ന് സംഭവിച്ചതാണെന്നും ഷാജോണ്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. താന്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ ഡേറ്റ് തരാമെന്ന് പൃഥ്വിരാജ് പറഞ്ഞത് കൊണ്ടാണ് ആ സിനിമ പെട്ടെന്ന് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങള്‍ ലഭിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും ഷാജോണ്‍ പറഞ്ഞു.
content highlights; Mammooka said don’t go into directing now, make some money by acting: kalabhavan shajhon