മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം റോഷാക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. യു.കെ. പൗരനായ ലൂക്ക് ആന്റണിയെന്ന നിഗൂഡത നിറഞ്ഞ കഥാപാത്രവും മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേക്കിങ്ങുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ എക്കാലത്തേയും ഹിറ്റ് സിനിമകളിലൊന്നായ ‘ബിഗ് ബി’യിലെ ബിലാല്‍ കരയുന്ന ഷോട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി.
‘അതൊക്കെ ആ ഷോട്ടിലാണ്, അതൊന്നും അങ്ങനെ പെട്ടെന്ന് നടക്കുന്ന കാര്യങ്ങളല്ല. നമുക്ക് പ്ലാന്‍ ചെയ്യാന്‍ പറ്റുന്നതല്ല അതൊന്നും, ആ സമയത്ത് നമ്മുടെ മനസില്‍ എന്തോ ഉണ്ട്. അത് പക്ഷേ ചിലപ്പോള്‍ വരില്ല.
ക്രിസ്റ്റഫര്‍ സിനിമയില്‍ അമലാ പോളിനോട് ഡയലോഗ് പറയുന്ന ഒരു സീനുണ്ട്. അത് ആറേഴ് ഷോട്ടൊക്കെ എടുത്തിട്ടും ഓക്കെയാണ് ഷോട്ട്, പക്ഷേ എനിക്ക് ഓക്കെയായില്ല. അതങ്ങനെ അന്ന് നിര്‍ത്തി, പിറ്റേ ദിവസത്തെ ഷോട്ടെടുത്തപ്പോള്‍ ഓക്കെയായി.
ചിലപ്പോ ഫസ്റ്റ് ടേക്കില്‍ തന്നെ വരും. നമ്മള്‍ എന്തോ ഒന്ന് മനസില്‍ വിചാരിച്ചിട്ടുണ്ട് അത് നമുക്ക് ചിലപ്പോള്‍ കിട്ടില്ല, അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്,’ മമ്മൂട്ടി പറഞ്ഞു.
കഥാപാത്രങ്ങളെ വിട്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്,
‘കഥാപാത്രങ്ങളെ ഒന്നും വീട്ടില്‍ കൊണ്ടുപോകാന്‍ പറ്റില്ല. അങ്ങനെ കൊണ്ടുപോയാല്‍ നമ്മുടെ സെല്‍ഫ് നഷ്ടപ്പെടും, നമ്മളില്ലാതായിപ്പോകും,’ എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്.
നിസാം ബഷീറാണ് റോഷാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സഞ്ജു ശിവ്റാം, ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.