| Sunday, 26th February 2023, 8:29 pm

മമ്മൂക്ക ആലപ്പുഴയില്‍ നിന്ന് നോക്കുമ്പോള്‍ അവര്‍ നോക്കിയത് എറണാകുളത്ത് നിന്നാണ്, അതാണ് ഈ സിനിമയുടെ മാജിക്: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ക്രോണിക് ബാച്ച്‌ലര്‍ സിനിമയുടെ രസകരമായ ഷൂട്ടിങ് ലൊക്കേഷനുകളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സിദ്ദീഖ്. ക്രോണിക് ബാച്ച്‌ലര്‍ സിനിമയില്‍ ചിത്രീകരിച്ച രണ്ട് വീടുകളും രണ്ട് ജില്ലകളിലായിരുന്നുവെന്നും പക്ഷേ അത് അടുത്തടുത്തായി ചിത്രീകരിക്കുകയായിരുന്നുവെന്നും സിദ്ദീഖ് സഫാരി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയില്‍ മമ്മൂട്ടിയുടെ വീട് ആലപ്പുഴയിലായിരുന്നുവെന്നും പെണ്‍കുട്ടികള്‍ താമസിച്ച വീട് എറണാകുളത്തുമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘മമ്മൂക്കയുടെ വീട് ആലപ്പുഴയിലാണ്. രമ്യയൊക്കെ വാടകക്ക് നില്‍ക്കുന്ന വീട് ഷൂട്ട് ചെയ്തത് എറണാകുളത്താണ്. ഹൈക്കോടതിയുടെ പുറകിലുള്ള വനിതാ ജ്വല്ലറിക്കാരനായ ആന്റോയുടെ വീടാണത്.

രണ്ട് വീടും അടുത്താണല്ലോയെന്ന അത്ഭുതം തോന്നാം. അതാണ് സിനിമയുടെ മാജിക്. ചെറിയ ചില കറക്ഷന്‍സ് കൊണ്ടാണ് നമ്മളത് മാച്ച് ചെയ്തിരിക്കുന്നത്.

ആലപ്പുഴയില്‍ നിന്ന് മമ്മൂക്ക നോക്കുമ്പോള്‍ അവര്‍ നോക്കുന്നത് എറണാകുളത്ത് നിന്നായിരുന്നു. അത് സിനിമയില്‍ ഫീല്‍ ചെയ്യില്ല. പ്രേക്ഷകര്‍ക്കത് വിശ്വസിക്കാനും പറ്റില്ല,’ സിദ്ദീഖ് പറഞ്ഞു.

ആന്റോയുടെ വീട്ടില്‍ ആദ്യമായി ഷൂട്ട് ചെയ്ത സിനിമ ക്രോണിക് ബാച്ച്‌ലര്‍ ആണെന്നും അവരുടെ ബന്ധുക്കളൊക്കെ മമ്മൂക്ക താമസിച്ച വീടേതാണെന്ന് അന്വേഷിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മമ്മൂക്ക താമസിച്ച വീട് ആലപ്പുഴയിലാണെന്ന് പറയുമ്പോള്‍ അവര്‍ അതിശയപ്പെട്ടുവെന്നും ആന്റോ പറഞ്ഞതായി സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

2003ലാണ് മമ്മൂട്ടി നായകനായി ക്രോണിക് ബാച്ച്‌ലര്‍ പുറത്തിറങ്ങിയത്. ഭാവന, ഇന്നസെന്റ്, രംഭ, മുകേഷ്, ഹരിശ്രീ അശോകന്‍, ബിജു മേനോന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. ആനന്ദക്കുട്ടന്‍ ക്യാമറാമാനായ സിനിമ നിര്‍മിച്ചിരിക്കുന്നത് ഫാസിലാണ്.

content highlight: Mammooka looks from Alappuzha, they look from Ernakulam, that’s the magic of this film: Siddique

We use cookies to give you the best possible experience. Learn more