തിങ്കളാഴ്ച നിശ്ചയത്തിലെ വിജയേട്ടനിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറിയ താരമാണ് മനോജ് കെ.യു. തന്റെ കണ്ണൂര്‍ ഭാഷാപ്രയോഗങ്ങളിലൂടെ പ്രേക്ഷക ഹൃദയം കയ്യടക്കിയ താരം പുതിയ സിനിമകളുടെ തിരക്കിലാണ്.
തന്റെ പുതിയ സിനിമയിലെ ഒരു രംഗം കണ്ട് മമ്മൂട്ടി അഭിനന്ദിച്ച സന്തോഷം പങ്കുവെക്കുകയാണ് മനോജിപ്പോള്‍.
റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇറങ്ങാനിരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയിലെ ഒരു രംഗം കണ്ട് മമ്മൂട്ടി അഭിനന്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘മമ്മൂക്കയുടെ കണ്ണൂര്‍ സ്‌ക്വാഡിലെ ഞാന്‍ അഭിനയിച്ച സീന്‍ കണ്ടിട്ട് അദ്ദേഹം കൈതന്നു. നന്നായിട്ടുണ്ട്, ഗംഭീരമായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. ഇത് പറയാന്‍ തന്നെ എനിക്ക് മടിയാണ്.
മമ്മൂക്ക പറഞ്ഞുവെന്നെല്ലാം പറഞ്ഞാല്‍ ആള് പുളു അടിക്കുന്നെന്നേ പറയൂ. പക്ഷേ അത് സത്യമാണ്,’ മനോജ് പറഞ്ഞു.
നിരവധി സിനിമകളില്‍ ചെറിയ വേഷം ചെയ്‌തെങ്കിലും സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയത്തിലൂടെയാണ് മനോജ് ശ്രദ്ധിക്കപ്പെടുന്നത്. കാഞ്ഞങ്ങാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമയിലെ കുവൈത്ത് വിജയന്‍ എന്ന അച്ഛന്‍ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മനോജിന്റെ അവസാനം പുറത്തിറങ്ങിയ പ്രണയവിലാസത്തിലും അച്ഛന്റെ റോളിലാണ് അദ്ദേഹം അഭിനയിച്ചത്. ഈ കഥാപാത്രത്തിനും നല്ല അഭിപ്രായങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. സിനിമ കണ്ട് മാര്‍ട്ടിന്‍ പ്രക്കാട്ട് അടുത്ത സ്റ്റാറായിരിക്കുമല്ലോ എന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനോജിന്റെ എട്ട് സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. കണ്ണൂര്‍ സ്‌ക്വാഡ്, പകലും പാതിരാവും, വേദ, ഉരു, എല്‍.എല്‍.ബി, അന്ത്രു ദ മാന്‍, ചാവേര്‍, ബുള്ളറ്റ് ഡയറീസ്, പ്രാവ് തുടങ്ങിയവയാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍.
content highlight: Mammooka gave her hand after seeing that scene, but I hesitate to say it: Manoj