കുറഞ്ഞ സിനിമകള്‍ കൊണ്ടുതന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമിത ബൈജു. 2017ല്‍ പുറത്തിറങ്ങിയ ‘സര്‍വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലുടെയാണ് മമിത തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
ഓപ്പറേഷന്‍ ജാവയിലെ അല്‍ഫോന്‍സ, ഖോ-ഖോ എന്ന ചിത്രത്തിലെ അഞ്ജു, സൂപ്പര്‍ ശരണ്യയിലെ സോന, പ്രണയ വിലാസത്തിലെ ഗോപിക എന്നീ കഥാപാത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധേയമാകുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പ്രേമലു എന്ന സിനിമയാണ് മമിതയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോള്‍ പ്രേമലുവിന്റെ പ്രൊമോഷന്റെ ഭാഗമായി മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രണയവും മമിതയും തമ്മിലുള്ള ദൂരമെത്രയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
‘എനിക്ക് റോം-കോംസ് വലിയ ഇഷ്ടമാണ്. എന്റെ ഫേവറൈറ്റ് ഴോണറാണ് അത്. നമ്മുക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും ഇത്തരം സിനിമകള്‍ കാണാന്‍ കഴിയും. ഞാന്‍ അത്തരം സിനിമകള്‍ ഗൂഗിളില്‍ തപ്പി പിടിച്ച് കാണും.
വെറുതെ ഇരിക്കുമ്പോള്‍ പടം കാണാമെന്ന് തോന്നിയാല്‍ ഗൂഗിള്‍ ചെയ്ത് നോക്കി റോം-കോം മൂവീസ് കണ്ടുപിടിക്കും. അങ്ങനെയാണ് ഞാന്‍. എനിക്ക് റൊമാന്‍സും കോമഡിയുമൊക്കെ അത്രയും ഇഷ്ടമാണ്. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ അത്ര രസകരമല്ല,’ മമിത ബൈജു പറഞ്ഞു.
മമിത ബോള്‍ഡും സിംഗിളുമായത് കൊണ്ടും കോളേജില്‍ പോകുന്നത് കൊണ്ടും ആളുകള്‍ വന്ന് ഇഷ്ടം പറയും എന്നാണ് കരുതിയതെന്ന് അഭിമുഖത്തില്‍ അവതാരക പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഈ ചിന്തയാണ് എന്നായിരുന്നു താരത്തിന്റെ മറുപടി.
‘എല്ലാവര്‍ക്കും ഈ ചിന്തയാണ്. അപ്പോള്‍ പിന്നെ ആര് വരാനാണ്. ഞാന്‍ കമ്മിറ്റഡാകുമെന്നോ കുറേ ആളുകള്‍ പുറകെ നടക്കുന്നുണ്ടാകും എന്നൊക്കെയാകും അവരുടെ ചിന്ത. എല്ലാവരും ഇത് ചിന്തിക്കുന്നത് കാരണം ആരും വരില്ല,’ മമിത ബൈജു പറയുന്നു.
മമിത ബൈജു നായികയായി എത്തുന്ന പ്രേമലുവില്‍ നസ്ലെനാണ് നായകന്‍. സച്ചിന്‍ എന്ന ടീനേജുകാരന് സുഹൃത്ത് റീനുവിനോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ കഥ. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, പാല്‍തു ജാന്‍വര്‍, ജോജി, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന സിനിമ കൂടിയാണ് പ്രേമലു.
മമിത ബൈജുവിനും നസ്ലെനും പുറമെ മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലീം, എന്നിവരാണ് മറ്റു താരങ്ങള്‍. മാത്യൂ തോമസും സിനിമയില്‍ ഗസ്റ്റ് റോളില്‍ എത്തിയിട്ടുണ്ട്. ഗിരീഷ് എ.ഡി. യും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
Content Highlight: Mamitha Baiju Talks About Rom-com Movies