Entertainment
അന്ന് എന്നെ ഒരുപാട് സഹായിച്ചു; ആ നടിയുടെ കയ്യില്‍ കണ്ടുപഠിക്കാന്‍ കുറേയുണ്ട്: മമിത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 10, 03:16 am
Monday, 10th February 2025, 8:46 am

കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മമിത ബൈജു. 2017ല്‍ വേണുഗോപന്‍ സംവിധാനം ചെയ്ത സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് മമിത തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലെ അല്‍ഫോന്‍സ, ഖോഖോ എന്ന സിനിമയിലെ അഞ്ജു, സൂപ്പര്‍ ശരണ്യയിലെ സോന, പ്രേമലുവിലെ റീനു എന്നീ വേഷങ്ങളിലൂടെ മമിത കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖോഖോ സിനിമയെ കുറിച്ച് പറയുകയാണ് മമിത ബൈജു.

കൂടെ അഭിനയിച്ച കായികതാരങ്ങള്‍ സ്റ്റേറ്റ്, നാഷണല്‍ പ്ലെയേഴ്‌സായിരുന്നെന്നും അവരുടെ കൂടെ പിടിച്ചുനില്‍ക്കുകയെന്നുള്ളത് വലിയ ചലഞ്ചിങ്ങായ കാര്യമായിരുന്നെന്നും നടി പറയുന്നു. കൂടെ അഭിനയിച്ച രജിഷ വിജയന്‍ തന്നെ നല്ലതുപോലെ സഹായിച്ചിട്ടുണ്ടെന്നും രജിഷയില്‍ നിന്ന് കണ്ടുപഠിക്കാന്‍ ഒരുപാടുണ്ടെന്നും മമിത പറഞ്ഞു.

‘എന്റെ കൂടെ അഭിനയിച്ച 14 പേരും സ്റ്റേറ്റ്, നാഷണല്‍ പ്ലെയേഴ്‌സാണ്. അവരുടെ കൂടെ പിടിച്ചുനില്‍ക്കുക എന്നുള്ളത് വലിയ ചലഞ്ചിങ്ങായ കാര്യമായിരുന്നു. നല്ല ടാസ്‌ക് തന്നെയായിരുന്നു. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ ഹെല്‍പ്പ് ചെയ്തത് അവര് തന്നെയായിരുന്നു.

എന്നെ എന്റെ ബെസ്റ്റിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതും അവര്‍ തന്നെയാണ്. മാത്രമല്ല ആദ്യ ദിവസം തൊട്ട് ഞങ്ങള്‍ നല്ല കൂട്ടിലായിരുന്നു. ഞാന്‍ തെറ്റിക്കുകയാണെങ്കില്‍പോലും അവര്‍ ദേഷ്യപ്പെട്ടിരുന്നില്ല. റാന്‍ഡമായിട്ട് കളിക്കുമ്പോള്‍ കുറച്ച് വഴക്കൊക്കെ കിട്ടാറുണ്ട്. അതൊക്കെ നമുക്ക് കൂടുതല്‍ സ്പിരിറ്റ് തരുമായിരുന്നു.

പിന്നെ രജിഷ ചേച്ചി എന്നെ നല്ലതുപോലെ ഹെല്‍പ്പ് ചെയ്യുമായിരുന്നു. ആക്ടിങ്ങിന്റെ കാര്യത്തിലായാലും പേഴ്സണല്‍ കാര്യത്തിലായാലും എന്നെ ഇപ്പോഴും ഹെല്‍പ്പ് ചെയ്തത് രജിഷ ചേച്ചിയാണ്. രജിഷ ചേച്ചിയുടെ കയ്യില്‍ നിന്ന് കണ്ടുപഠിക്കാന്‍ കുറെയുണ്ട്. ആ സെറ്റിലെ എല്ലാവരും നല്ലതുപോലെ സപ്പോര്‍ട്ട് തന്നിരുന്നു,’ മമിത പറഞ്ഞു.

Content Highlight: Mamitha Baiju Talks About Rajisha Vijayan