സിനിമാരംഗവുമായി ഒരു ബന്ധവുമില്ലാതെ എങ്ങനെയാണ് സിനിമയില്‍ എത്തിയതെന്ന് പറയുകയാണ് നടി മമിത ബൈജു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതെന്നും പിന്നീട് പത്തിലേറെ സിനിമകള്‍ കഴിഞ്ഞാണ് പ്രേമലു സംഭവിച്ചതെന്നും മമിത പറഞ്ഞു.
വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രേമലുവാണ് ശരിക്കും തനിക്ക് ഒരു തെന്നിന്ത്യന്‍ നടിയെന്ന ഇമേജ് നല്‍കിയതെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമയിലെ കഥാപാത്രങ്ങള്‍ അദ്യശ്യമായ ഒരു ചരടില്‍ നമ്മളെ കെട്ടിയിടുമെന്നും പിന്നെ അത് അഴിഞ്ഞുപോവാന്‍ കുറച്ചു നാള്‍ വേണ്ടിവരുമെന്നും മമിത പറഞ്ഞു. പ്രേമലുവിലെ റീനു ഇപ്പോഴും കൂടെയുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ടെന്നും നടി പറയുന്നു.
‘ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അച്ഛന്റെ സുഹൃത്തായ അഡ്വ. അജി അങ്കിളാണ് ആദ്യമായി എനിക്ക് സിനിമയില്‍ അവസരം തന്നത്. സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയിലായിരുന്നു അത്.
പിന്നെ പത്തിലേറെ സിനിമകള്‍ വന്നു. അതിനൊക്കെ ശേഷമാണ് പ്രേമലു സംഭവിക്കുന്നത്. ആ സിനിമയാണ് ശരിക്കും എനിക്ക് ഒരു തെന്നിന്ത്യന്‍ നടി എന്ന ഇമേജ് തരുന്നത്.
എന്റെ വീട്ടുകാരും സുഹൃത്തുക്കളും പറയുന്ന ഒരു കാര്യമുണ്ട്. ഞാനൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് വന്നാല്‍ പിന്നെ രണ്ട് ആഴ്ചയെങ്കിലും ആ കഥാപാത്രമായിരിക്കുമെന്ന്. ആലോചിച്ചപ്പോള്‍ അത് ശരിയാണെന്ന് എനിക്കും തോന്നി.
പ്രണയവിലാസം സിനിമയിലെ ഗോപിക അവളുടെ കാലില്‍ ഒരു കറുത്ത ചരട് കെട്ടുന്നുണ്ട്. ഷൂട്ടിങ് കഴിഞ്ഞെങ്കിലും എനിക്ക് ആ ചരട് അഴിച്ചുമാറ്റാന്‍ തോന്നിയിരുന്നില്ല. അതുപിന്നെ എങ്ങനെയോ അഴിഞ്ഞുപോകുകയായിരുന്നു.
അതു പോലെയാണ് മറ്റു പല കഥാപാത്രങ്ങളും. അദ്യശ്യമായ ഒരു ചരടില്‍ അവ നമ്മളെ കെട്ടിയിടും. പിന്നെ അത് അഴിഞ്ഞുപോവാന്‍ കുറച്ചു നാള്‍ വേണ്ടിവരും. പ്രേമലുവിലെ റീനു ഇപ്പോഴും കൂടെയുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്,’ മമിത ബൈജു പറഞ്ഞു.
Content Highlight: Mamitha Baiju Talks About Pranaya Vilasam Movie