മലയാള സിനിമയ്ക്ക് ഇത് നല്ല കാലമാണ്. വ്യത്യസ്ത ഴോണറിൽ പെട്ട സിനിമകളാണ് തിയേറ്ററുകളിൽ തകർത്തോടുന്നത്.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ഇന്ന് വരെ കാണാത്ത തരത്തിലാണ് തമിഴ്നാട്ടിലും മുന്നേറിക്കൊണ്ടിരിക്കുന്നത്.
ഇതിനോടകം നൂറുകോടി നേടിയ ചിത്രം ഇനിയും കളക്ഷൻ വാരുമെന്ന് ഉറപ്പാണ്. ഒരു മാസത്തോളമായി തിയേറ്ററിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് പ്രേമലു.
സിനിമ വലിയ വിജയമായതിനു പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുക്കിയിരുന്നു. ഇപ്പോൾ തെലുങ്ക് ചാനലായ ഐഡ്രീം ഫിലിംനഗറിന് നൽകിയ അഭിമുഖത്തിൽ തെലുങ്ക് സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടി മമിത ബൈജു.
തനിക്ക് രാജമൗലിയുടെ സിനിമകൾ ഇഷ്ടമാണെന്നും ധീര എന്ന ചിത്രം ഒരുപാട് വട്ടം കണ്ടിട്ടുണ്ടെന്നും മമിത പറയുന്നു. താനൊരു കടുത്ത അല്ലു അർജുൻ ആരാധികയാണെന്നും മമിത പറഞ്ഞു.
‘തീർച്ചയായും രാജമൗലി സാറിന്റെ കൂടെ വർക്ക് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ മഗധീരയെന്ന ചിത്രം ഞാനൊരു അമ്പതിൽ കൂടുതൽ തവണ കണ്ടിട്ടുണ്ടാവും.
ആ സിനിമയുടെ മലയാളത്തിലെ പേര് ധീര എന്നാണ്. അത് മിക്കവാറും ടി. വിയിൽ വരാറുണ്ട്. ഞാൻ എല്ലാ ശനിയാഴ്ചയും അത് കാണാറുണ്ട്. രാവിലെ പത്രം നോക്കുമ്പോൾ ഇന്ന് ആ ചിത്രം ടി. വിയിൽ ഉണ്ടെങ്കിൽ ഞാൻ തീർച്ചയായും കണ്ടിരിക്കും. അതിപ്പോൾ പരീക്ഷയുടെ മുമ്പാണെങ്കിൽ പോലും ആ സിനിമ ഞാൻ ഇരുന്ന് കണ്ടിരിക്കും.
കാരണം ഞാൻ ആ സിനിമ അത്രയും ഇഷ്ടപെടുന്നുണ്ട്. അതുപോലെ രാംചരണും, കാജലും എനിക്ക് ഇഷ്ടമുള്ള ജോഡിയാണ്. അതുപോലെ ഈച്ചയെന്ന സിനിമ. എന്തൊരു സംവിധായകനാണ് അദ്ദേഹം. അതുപോലെ ഞാൻ വലിയ അല്ലു അർജുൻ ഫാനാണ്,’മമിത ബൈജു പറയുന്നു.
Content Highlight: Mamitha Baiju Talk About Magadheera Movie