പ്രേമലു എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നടി മമിത ബൈജു. റീനു എന്ന നായികാ കഥാപാത്രമായിട്ടാണ് താരം ചിത്രത്തിലെത്തിയത്. വളരെ കയ്യടക്കത്തോടെ തന്നെ ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാന്‍ മമിതയ്ക്ക് സാധിച്ചിട്ടുണ്ട്.
സൂപ്പര്‍ശരണ്യ, ഖോഖോ, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ നിന്നും തികച്ചു വ്യത്യസ്തയാണ് പ്രേമലുവിലെ റീനു. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാളത്തില്‍ ഒരു ഇടം നേടിയെടുക്കാന്‍ മമിതയ്ക്ക് സാധിച്ചിട്ടുണ്ട്.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമലു ഇതിനോടകം കോടികളാണ് ബോക്സ് ഓഫീസിൽ നിന്ന് വാരിയത്. ചിത്രത്തിന്റെ തെലുങ്ക് ട്രെയ്ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മമിത ബൈജു.
ചിത്രത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ താൻ എങ്ങനെയാണോ അതുപോലെ അഭിനയിച്ചാൽ മതിയെന്നാണ് സംവിധായകൻ പറഞ്ഞതെന്നും സിനിമ കണ്ടവർക്കെല്ലാം തന്റെ കഥാപാത്രം കണക്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമിത.
‘വളരെ പക്വതയോടെ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന വളരെ ബോൾഡായിട്ടുള്ള പെൺകുട്ടിയാണ് പ്രേമലുവിലെ റീനു. പ്രേമലുവിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഗിരീഷേട്ടൻ പറഞ്ഞത് നീയെങ്ങനെയാണോ അങ്ങനെത്തന്നെ അഭിനയിച്ചാൽ മതി എന്നാണ്. ആ നിർദേശം നല്ല കോൺഫിഡൻസ് നൽകി.
സൂപ്പർ ശരണ്യയിൽ ഇതേ ടീമിനൊപ്പം പ്രവർത്തിച്ചതിനാൽ ആദ്യദിനംമുതൽ കംഫർട്ടബിളായി അഭിനയിക്കാൻ സാധിച്ചു. സിനിമ കണ്ടവരെല്ലാം അവരുടെ വീട്ടിലെ കുട്ടിയെപ്പോലെ, അടുത്ത കൂട്ടുകാരിയെപ്പോലെയെല്ലാം റീനുവിനെ കണക്ട് ചെയ്യാൻ പറ്റുന്നു എന്ന് പറയുന്നു.
അഭിനേത്രി എന്ന നിലയിൽ അത്തരം അഭിപ്രായങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനം നൽകും,’മമിത ബൈജു പറയുന്നു.
Content Highlight: Mamitha Baiju Talk About Her Character In Premalu Movie