| Saturday, 28th September 2024, 10:41 pm

ആ ചിത്രമാണ് ഒരു തെന്നിന്ത്യൻ നടിയെന്ന ഇമേജ് എനിക്ക് നൽകിയത്: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകള്‍ കൊണ്ടുതന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമിത ബൈജു. 2017ല്‍ പുറത്തിറങ്ങിയ ‘സര്‍വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലുടെയാണ് മമിത തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

ഓപ്പറേഷന്‍ ജാവയിലെ അല്‍ഫോന്‍സ, ഖോ-ഖോ എന്ന ചിത്രത്തിലെ അഞ്ജു, സൂപ്പര്‍ ശരണ്യയിലെ സോന, പ്രണയ വിലാസത്തിലെ ഗോപിക എന്നീ കഥാപാത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധേയമാകുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടാനും മമിതക്ക് കഴിഞ്ഞു. പ്രേമലുവാണ് ഒരു തെന്നിന്ത്യൻ നടിയെന്ന ഇമേജ് തനിക്ക് തന്നതെന്ന് പറയുകയാണ് മമിത.

ഷൂട്ടിങ് കഴിഞ്ഞാലും കഥാപാത്രങ്ങൾ തന്നെ വിട്ട് പോവാറില്ലെന്നും പ്രേമലുവിലെ റീനു ഇപ്പോഴും കൂടെയുള്ള പോലെ തോന്നുണ്ടെന്നും മമിത പറഞ്ഞു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു മമിത.

‘ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. അച്ഛന്റെ സുഹൃത്ത് അഡ്വ. അജി അങ്കിളാണ് ആദ്യമായി സിനിമയിൽ അവസരം തരുന്നത്. സർവോപരി പാലാക്കാരൻ എന്ന സിനിമയിൽ. പിന്നെ പത്തിലേറെ സിനിമകൾ. അതിനു ശേഷമാണ് പ്രേമലു. ആ സിനിമയാണ് ശരിക്കും എനിക്ക് ഒരു തെന്നിന്ത്യൻ നടി എന്ന ഇമേജ് തന്നത്.

എൻ്റെ വീട്ടുകാരും സുഹൃത്തുക്കളും പറയാറുണ്ട് ഞാനൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് വന്നാൽ പിന്നെ രണ്ട് ആഴ്‌ചയെങ്കിലും ആ കഥാപാത്രമായിരിക്കുമെന്ന്. ആലോചിച്ചപ്പോൾ അതു ശരിയാണെന്ന് എനിക്കും തോന്നി.

പ്രണയവിലാസത്തിലെ ഗോപിക കാലിൽ ഒരു കറുത്ത ചരട് കെട്ടുന്നുണ്ട്. ഷൂട്ടിങ് കഴിഞ്ഞെങ്കിലും എനിക്ക് ആ ചരട് അഴിച്ചുമാറ്റാൻ തോന്നിയില്ല. അതുപിന്നെ എങ്ങനെയോ അഴിഞ്ഞുപോയി. ഇതുപോലെയാണു മറ്റു പല കഥാപാത്രങ്ങളും.

അദൃശ്യമായ ഒരു ചരടിൽ നമ്മളെ കെട്ടിയിടും. പിന്നെ കുറച്ചു നാൾ വേണം അത് അഴി‌ഞ്ഞുപോവാൻ പ്രേമലുവിലെ റീനു ഇപ്പോഴും കൂടെയുണ്ടെന്ന് തോന്നാറുണ്ട് പലപ്പോഴും,’മമിത ബൈജു പറയുന്നു.

Content Highlight: Mamitha Baiju Talk About Her Character In Premalu Movie

We use cookies to give you the best possible experience. Learn more