കുറഞ്ഞ സിനിമകള്‍ കൊണ്ടുതന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമിത ബൈജു. 2017ല്‍ പുറത്തിറങ്ങിയ ‘സര്‍വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലുടെയാണ് മമിത തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ഓപ്പറേഷന്‍ ജാവയിലെ അല്‍ഫോന്‍സ, ഖോ-ഖോ എന്ന ചിത്രത്തിലെ അഞ്ജു, സൂപ്പര്‍ ശരണ്യയിലെ സോന, പ്രണയ വിലാസത്തിലെ ഗോപിക എന്നീ കഥാപാത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധേയമാകുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പ്രേമലു എന്ന സിനിമ കേരളത്തിലും ആന്ധ്രയിലും വിജകരമായി കുതിപ്പ് തുടരുകയാണ്.
ഇതിന് പിന്നാലെ തമിഴിലും സാന്നിധ്യമറിയിക്കുകയാണ് താരം. ജി.വി. പ്രകാശ് നായകനാകുന്ന റിബലിലൂടെയാണ് മമിത തമിഴില്‍ നായികയായി അരങ്ങേറുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികയെക്കുറിച്ച് താരം സംസാരിച്ചു.
‘അസിനാണ് എന്റെ ഫേവറിറ്റ് നായിക. കുട്ടിക്കാലം മുതല്‍ ഞാന്‍ അവരുടെ വലിയ ഫാനാണ്. എല്ലാ സിനിമകളും കാണുകയും കണ്ണാടിയുടെ മുന്നില്‍ അതിലെ സീനുകള്‍ ഇമിറ്റേറ്റ് ചെയ്യുകയും ചെയ്യാറുണ്ട്. പോക്കിരി സിനിമയില്‍ വിജയ് അസിനെക്കൊണ്ട് വിസിലടിപ്പിക്കുന്ന സീനൊക്കെ ഞാന്‍ അനുകരിച്ചിട്ടുണ്ട്. എന്റെ കൈ വിജയ്‌യുടെ കൈയ്യാണെന്നും ഞാന്‍ അസിനാണെന്നും ഇമാജിന്‍ ചെയ്തുകൊണ്ട് ഞാന്‍ ആ സീന്‍ അനുകരിച്ചിട്ടുണ്ട്, അങ്ങനെ കുറേ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്’ മമിത പറഞ്ഞു.
നവാഗതനായ നികേഷ് ആര്‍.എസാണ് റിബലിന്റെ സംവിധായകന്‍. സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. കേരള-തമിഴ്‌നാട് ബോര്‍ഡറിലുള്ള ഒരു കോളേജിന്റെ കഥയാണ് ചിത്രം പറയുന്നത്. ജി.വി പ്രകാശിന്റേത് തന്നെയാണ് ചിത്രത്തിന്റെ സംഗീതം. മാര്‍ച്ച് 22ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Mamitha Baiju reveals about her favorite actress