| Wednesday, 26th March 2025, 10:23 pm

വിജയ്, സൂര്യ, ദേ ഇപ്പോള്‍ തമിഴിലെ പുതിയ സെന്‍സേഷന്‍ നായകനും... മമിതയുടെ ലൈനപ്പ് വേറെ ലെവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ വന്ന് പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യയിലെ സോന എന്ന കഥാപാത്രത്തിലൂടെയാണ് മമിത ശ്രദ്ധേയയായത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ മമിതക്ക് സാധിച്ചു. പ്രേമലു എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്ത് വലിയൊരു ഫാന്‍ബേസ് മമിത നേടിയെടുത്തു.

പ്രേമലുവിന്റെ വിജയം മമിതക്ക് കൈനിറയെ അവസരങ്ങളാണ് നല്‍കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ജന നായകനാണ് മമിതയുടെ ഏറ്റവും വലിയ പ്രൊജക്ട്. വിജയ്‌യോടൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം പ്രേമലുവിന്റെ പ്രൊമോഷന്‍ സമയത്ത് മമിത പങ്കുവെച്ചിരുന്നു. സ്വപ്‌നസാക്ഷാത്കാരം എന്നാണ് മമിത ജന നായകനെക്കുറിച്ച് പറഞ്ഞത്.

ഇപ്പോഴിതാ മമിതയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ്. തമിഴിലെ പുതിയ സെന്‍സേഷനായി മാറിയ പ്രദീപ് രംഗനാഥന്റെ ചിത്രമാണ് മമിതയുടെ പുതിയ പ്രൊജക്ട്. പി.ആര്‍. 04 എന്ന് താത്കാലികമായി ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസമാണ് നടന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ലവ് ടുഡേ, ഡ്രാഗണ്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കി ടൈര്‍ 3യില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ച പ്രദീപിന്റെ പുതിയ ചിത്രവും പ്രതീക്ഷ നല്‍കുന്നതാണ്. നവാഗതനായ കീര്‍ത്തീശ്വരനാണ് ചിത്രത്തിന്റെ സംവിധായകന്‍. തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവീ മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ശരത്കുമാറും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

റോം കോം ചിത്രമായി തന്നെയാകും പി.ആര്‍. 04 ഒരുങ്ങുക. ആല്‍ബം സോങ്ങുകളിലൂടെ ശ്രദ്ധേയനായ സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതം. പ്രദീപ് നായകനായ ഡ്രാഗണ്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. താരത്തിന്റെ പുതിയ ചിത്രം ലവ് ഇന്‍ഷുറന്‍സ് കമ്പനി സമ്മര്‍ റിലീസായ പ്രേക്ഷകരിലേക്കെത്തും.

അതേസമയം സൂര്യയുടെ പുതിയ ചിത്രത്തിലും മമിത ബൈജുവാണ് നായികയെന്ന് റൂമറുകളുണ്ട്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരിയുമായി സൂര്യ കൈകോര്‍ക്കുന്ന ചിത്രം പീരീഡ് ഡ്രാമയായിരിക്കും. നായികക്കും പ്രാധാന്യമുള്ള ചിത്രമാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാടിവാസലിനോടൊപ്പം ഈ പ്രൊജക്ടിന്റെയും ഷൂട്ട് നടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Content Highlight: Mamitha Baiju going to do the lead role in Pradeep Ranganathan’s new film

We use cookies to give you the best possible experience. Learn more