| Tuesday, 6th February 2024, 3:05 pm

വിജയ് സാറിന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു; ഇനി അത് നടക്കില്ലല്ലോ: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് മലയാളികളുടെ ഇഷ്ട താരമായി മാറിയ നടിയാണ് മമിത ബൈജു. മമിത എന്ന നടിയെ പ്രേക്ഷകന് ഏറെ സുപരിചിതമാക്കിയത് ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിലൂടെയാണ്. കോ കോ, സൂപ്പർ ശരണ്യ, പ്രണയവിലാസം തുടങ്ങിയ ചിത്രങ്ങളും മമിതയെ ഏറെ പരിചിതയാക്കി. നസ്‌ലിൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന പ്രേമലുവാണ് മമിതയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പ്രേമലു സിനിമയുടെ വിശേഷങ്ങൾ സില്ലി മോങ്ക്സ് മോളിവുഡിനോട് പങ്കുവെക്കുകയാണ് താരം.

സിനിമയിൽ നിന്നും വിജയ് മാറി നിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മമിത ബൈജു. താൻ വിജയ്‌യുടെ കൂടെ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ അത് ഇനി നടക്കില്ലെന്നും മമിത പറഞ്ഞു. വിജയ് സിനിമ നിർത്തുകയാണെന്ന വാർത്ത അറിഞ്ഞപ്പോൾ തന്റെ ആഗ്രഹം നടക്കാത്തതിൽ സങ്കടം തോന്നിയെന്നും അദ്ദേഹത്തെ മിസ് ചെയ്യുമെന്നും മമിത ബൈജു കൂട്ടിച്ചേർത്തു.

‘വിജയ്‌ സാറിന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് ഇനി നടക്കില്ലല്ലോ. ഞാൻ പ്രതീക്ഷിക്കാത്ത ഒരു സമയത്താണ് ഒരു സൂപ്പർ ആക്ടറിന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അപ്പോൾ ഞാൻ ചിന്തിച്ചിരുന്നു, ഇവരുടെ കൂടെ അഭിനയിക്കാൻ പറ്റുമെങ്കിൽ വിജയ് സാറിന്റെ കൂടെ അഭിനയിക്കാൻ കഴിയുമല്ലോ എന്ന്. അത് ഞാനന്ന് ആഗ്രഹിച്ചിട്ടുണ്ട്. വിജയ് സാർ സിനിമ നിർത്തുന്നുവെന്ന വാർത്ത കേട്ടപ്പോൾ ആദ്യം എന്റെ മനസിലേക്ക് വന്നത് ഇനി അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ പറ്റില്ലല്ലോ എന്നതാണ്.

ഇവരൊക്കെ തിയേറ്ററിൽ ഉണ്ടാക്കുന്ന ഒരു ഓളം ഉണ്ട്. വിജയ് സാറിന്റെ പടമൊക്കെ തിയേറ്ററിൽ ആഘോഷിക്കുകയാണ്. അവരുടെ ഫാൻസിന്റെ രീതിയിൽ ആണെങ്കിലും മറ്റെല്ലാ രീതിയിലും ആഘോഷിക്കുകയാണ്.

അതൊക്കെ ഭയങ്കരമായിട്ട് മിസ്സ് ചെയ്യും. ഞാനൊക്കെ കണ്ടുവളർന്നത് ഇവരുടെയൊക്കെ പടങ്ങൾ ആണല്ലോ. ഗില്ലി മുതൽ ഞാൻ വിജയ് സാറിന്റെ കട്ട ഫാനാണ്. അതൊക്കെ ഉണ്ടാകില്ലെന്ന് ഓർക്കുമ്പോൾ ഒരു വിഷമം ഉണ്ട്,’ മമിത ബൈജു പറഞ്ഞു.

Content Highlight: Mamitha baiju about vijay’s  staying away from cinema

We use cookies to give you the best possible experience. Learn more