| Friday, 9th February 2024, 6:46 pm

ഇതുവരെ ചെയ്തതില്‍ എന്റെ സ്വഭാവത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം അതാണ്: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് മമിത ബൈജു. സര്‍വോപരി പാലാക്കാരന്‍, ഹണീബീ 2 എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 2020ല്‍ റിലീസായ ഓപ്പറേഷന്‍ ജാവ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം സൂപ്പര്‍ ശരണ്യ എന്ന സിനിമയിലെ സോന എന്ന കഥാപാത്രം കരിയറിലെ വഴിത്തിരിവായി മാറി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു ആണ് മമിതയുടെ പുതിയ ചിത്രം.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ നല്‍കിയ അഭിമുഖത്തില്‍, ഇതുവരെ ചെയ്തതില്‍ തന്റെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചു.സൂപ്പര്‍ ശരണ്യയിലെ സോനയുടെ ചെറിയ ചില ഷേഡുകള്‍ പ്രേമലുവിലെ റീനയില്‍ വന്നിരുന്നോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘സോനയുടെ ഷേഡുകള്‍ ഇതില്‍ അധികം വന്നിട്ടില്ല. സോനാരെ എന്ന കഥാപാത്രം എന്റെ സ്വഭാവത്തില്‍ നിന്ന് വളരെ ഡിഫറന്റാണ്. സോന വളരെ എക്‌സ്‌ട്രോവേര്‍ട്ടായിട്ടുള്ള, എല്ലാം തുറന്നു സംസാരിക്കുന്ന ആളാണ്. പക്ഷേ ഞാന്‍ നേരെ തിരിച്ചാണ്. ഞാന്‍ ഇന്‍ട്രോവെര്‍ട്ടാണ്, സംസാരിക്കാന്‍ കുറച്ച് പേടിയുള്ള ആളാണ് ഞാന്‍. റീനു എന്ന കഥാപാത്രത്തെക്കുറിച്ച് ഗിരീഷേട്ടന്‍ പറഞ്ഞത്, നീ എങ്ങനെയാണോ അങ്ങനെ നിന്നാല്‍ മതിയെന്നാണ്. പ്രത്യേകിച്ച് എഫര്‍ട്ട് ഇടേണ്ടി വന്നിട്ടില്ല. ഞാന്‍ എങ്ങനെയാണോ അങ്ങനെ നിന്നാല്‍ മതിയായിരുന്നു. ഇതുവരെ ചെയ്ത ക്യാരക്ടറുകളില്‍ എന്റെ ബിഹേവിയറുമായി ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രം റീനയാണ്’ മമിത പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്ലെന്‍, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Content Highlight: Mamitha Baiju about the character close to her life

We use cookies to give you the best possible experience. Learn more