ഷൂട്ട് എല്ലാം കഴിഞ്ഞിട്ട് റൂമിൽ ഇരിക്കുമ്പോഴാണ് ഗിരീഷേട്ടൻ അത് വിളിച്ചുപറഞ്ഞത് : മമിത ബൈജു
Film News
ഷൂട്ട് എല്ലാം കഴിഞ്ഞിട്ട് റൂമിൽ ഇരിക്കുമ്പോഴാണ് ഗിരീഷേട്ടൻ അത് വിളിച്ചുപറഞ്ഞത് : മമിത ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th February 2024, 8:57 am

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മമിത ബൈജു. താരത്തിന്റെ ഓരോ ഫോട്ടോയും നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഓപ്പറേഷൻ ജാവയിലെ അൽഫോൺസ എന്ന കഥാപാത്രത്തിലൂടെയാണ് മമിത എന്ന നടിയെ മലയാളികൾക്ക് സുപരിചിതമാവുന്നത്. സൂപ്പർ ശരണ്യയിലെ സോന എന്ന കഥാപാത്രം മമിതയുടെ കരിയറിലെ ഏറെ ശ്രദ്ധിക്കപെട്ടതാണ്. സോനാ എന്ന കഥാപാത്രം ആളുകൾ എത്രത്തോളം ഇഷ്ടപ്പെട്ടു എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മമിത.

സിനിമയിലെ ഓണപരിപാടിയുടെ സമയത്തുള്ള ഡാൻസ് കൊറിയോഗ്രാഫി ചെയ്തത് താനാണോ എന്ന ചോദ്യത്തിന് അത് തങ്ങൾ എല്ലാവരും കൂടെ ചെയ്തതാണെന്നായിരുന്നു മമിതയുടെ മറുപടി. തലേ ദിവസം സംവിധായകൻ ഗിരീഷ് വിളിച്ചിട്ട് ഓണപരിപാടിക്ക് ഡാൻസ് സെറ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ തങ്ങൾക്ക് ചെയ്യാൻ ഒന്നും കിട്ടിയിരുന്നില്ലെന്നും പിന്നീട് റീൽസിലെ സ്റ്റെപ്പുകൾ സിങ്ക് ചെയ്താണ് അത് പഠിച്ചെതെന്നും മമിത പറഞ്ഞു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അത് ഞങ്ങളെല്ലാവരും കൂടെ ചെയ്തതാണ്. പ്രത്യേകിച്ച് ഞാൻ, റോസ്നയുമാണ്. ഞങ്ങൾ രണ്ടുപേരും കൂടിയാണ് കൂടുതലും ചെയ്തത്. അത് തലേദിവസം ഗിരീഷേട്ടൻ വിളിച്ചിട്ട് ‘നാളെ ഒരു ഓണപരിപാടി ഉണ്ട്. നിങ്ങൾ ഒരു ഡാൻസ് പരിപാടി ചെയ്യണം, പാട്ട് ഇതാണ്’ എന്ന് പറഞ്ഞ് അയച്ചു തന്നു.

ഷൂട്ട് എല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ റൂമിൽ ഇരിക്കുകയാണ്. എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോൾ പഠിക്കാൻ ഒന്നും കിട്ടുന്നില്ല. ഒന്നാമത് മടുത്തു. ഞാൻ അന്ന് കുറെ റീൽസുണ്ട്, അതിന്റെയൊക്കെ സ്റ്റെപ്പ് സിങ്ക് ചെയ്ത് പോയതാ,’ മമിത പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്ലൻ, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Content Highlight: Mamitha baiju about super sharanya movie’s dance