മമിതയും നസ്‌ലെനും പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് പ്രേമലു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ മിനികൂപ്പറിലുള്ള ഒരുപാട് സീനുകളുണ്ട്. സംഗീതും നസ്‌ലെനും മമിതയുമാണ് മിനികൂപ്പർ ഓടിക്കുന്നത്.
എന്നാൽ സംഗീത് ഷൂട്ടിന്റെ സമയത്താണ് ഡ്രൈവിങ് പഠിച്ചതെന്ന് മമിത പറഞ്ഞു സംഗീതിന് ലൈസൻസ് കിട്ടിയിട്ട് പത്ത് വർഷമായിട്ടുണ്ടെന്നും എന്നാൽ കാർ എടുക്കാറുണ്ടായിരുന്നില്ലെന്നും മമിത പറഞ്ഞു. സംഗീതിനോട് ഗിരീഷ് ആദ്യം പറഞ്ഞത് ഡ്രൈവിങ് പഠിക്കാനാണെന്നും കാരണം സിനിമയിൽ കുറച്ച് റിസ്ക് എലെമെന്റ്സ് ഉണ്ടായിരുന്നെന്നും മമിത പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സംഗീതേട്ടൻ ഷൂട്ടിന്റെ സമയത്താണ് ഡ്രൈവിങ് പഠിക്കുന്നത്. പക്ഷേ അതിലുള്ള നല്ല കാര്യം എന്താണെന്ന് വെച്ചാൽ ആ പടത്തോടെ സംഗീതേട്ടൻ ഡ്രൈവിങ് പഠിച്ചു എന്നതാണ്. വണ്ടി എടുക്കാൻ പേടിയായിരുന്നു, ലൈസൻസ് കിട്ടിയിട്ട് പത്ത് വർഷത്തോളമായി. പക്ഷെ കാർ എടുക്കാറുണ്ടായിരുന്നില്ല.
പക്ഷേ ഈ സിനിമയിൽ ഗിരീഷേട്ടൻ സംഗീതേട്ടനോട് പറഞ്ഞിട്ടുള്ള റിക്വസ്റ്റ് വണ്ടിയോടിക്കാൻ പഠിക്കണം എന്നാണ്. കാരണം ഇതിൽ കുറച്ച് റിസ്ക് എലെമെന്റ്സ് കൂടെയുണ്ട്. ക്യാമറ വണ്ടിക്കകത്ത് വരും. ക്യാമറ ഫ്രണ്ടിൽ വെച്ച് എടുക്കുന്നുണ്ടെങ്കിൽ പല സമയത്തും റോഡ് ഒന്നും മര്യാദയ്ക്ക് കാണാൻ പോലും പറ്റില്ല. എന്നിട്ടും നല്ല രീതിയിലാണ് വണ്ടിയോടിച്ചു പോയത്. അതോടെ വണ്ടിയോടിക്കാൻ പഠിച്ചു,’മമിത പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു. മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിച്ചു.
Content Highlight: Mamitha baiju about sageeth prathap’s driving