|

കാസിയോ ഫാൻ ആകാൻ കാരണം ആ നടൻ; പണ്ട് പുറത്തിറങ്ങാറുള്ളത് അദ്ദേഹത്തിന്റെ ലുക്കിൽ: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ കാസിയോ വാച്ചിന്റെ ഫാനാവാൻ കാരണം അല്ലു അർജുനാണെന്ന് നടി മമിത ബൈജു. ഗജപോക്കിരി, റോമിയോ ആൻഡ് ജൂലിയറ്റ് സിനിമകളിൽ അല്ലു അർജുൻ കാസിയോ വാച്ച് ഇടുന്നത് കണ്ടതിൽ നിന്നും തുടങ്ങിയതാണ് ആ വാച്ചിനോടുള്ള പ്രേമമെന്നും മമിത പറഞ്ഞു.

അതുപോലെ കുട്ടികാലത്ത് പുറത്ത് പോകുമ്പോൾ അല്ലു അർജുന്റെ ഡ്രസ്സിങ് കോപ്പിയടിക്കുമെന്നും മമിത കൂട്ടിച്ചേർത്തു. തൻ്റെ കൂടെ ചേട്ടനും അല്ലു അർജുന്റെ സ്റ്റൈൽ കോപ്പി അടിക്കുമെന്നും മമിത പറയുന്നുണ്ട്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ കാസിയോ ഫാൻ ആയത് അല്ലു അർജുൻ സാർ കാരണമാണ്. ഗജപോക്കിരി, റോമിയോ ആൻഡ് ജൂലിയറ്റ് സിനിമകളിൽ നിന്നും തുടങ്ങിയതാണ് കാസിയോ വാച്ചിനോടുള്ള പ്രേമം. ആ ഡ്രസ്സിങ് എല്ലാം ഞാൻ കോപ്പിയടിച്ചിട്ടുണ്ട്. ഞാൻ അഞ്ചിലും ആറിലും ഏഴിലും എട്ടിലുമെല്ലാം പഠിച്ചുകൊണ്ടിരിക്കുമ്പോൾ അല്ലു അർജുനെ പോലെയായിരുന്നു വസ്ത്രം ധരിക്കുക.

പുറത്തൊക്കെ പോകുമ്പോൾ ആദ്യമേ സ്കിൻഫീറ്റ് ആയിട്ടുള്ള ബനിയൻ ഇടും, അതിന്റെ പുറത്ത് ചെക്ക് ഷർട്ട് ഇടും. ഞാനും എന്റെ ചേട്ടനും കണക്കാണ്. അല്ലു അർജുന്റെ സ്റ്റൈൽ കോപ്പിയടിക്കുമായിരുന്നു. ഹാപ്പി ബി ഹാപ്പി, റോമിയോ ആൻഡ് ജൂലിയറ്റ് എല്ലാം എനിക്ക് ഇഷ്ടമുള്ള പടങ്ങളാണ്. ഇതിന്റെയെല്ലാം തെലുങ്കും ഞാൻ കണ്ടിട്ടുണ്ട്,’ മമിത പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലുവാണ് മമിതയുടെ ഒടിവിൽ പുറത്തിറങ്ങിയ ചിത്രം. മമിതക്ക് പുറമെ നസ്‌ലെൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിച്ചു.

Content Highlight: Mamitha baiju about her casio watch love