|

സിനിമ എനിക്ക് പറ്റിയ പണിയല്ലെന്ന് ഗിരീഷേട്ടന്‍ പറഞ്ഞതായിട്ടാണ് തോന്നിയത്, കരച്ചില്‍ വന്നു: മമിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രേമലു. നസ് ലന്‍, മമിത എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഈ ആഴ്ച തിയേറ്ററിലെത്തുകയാണ്.

സൂപ്പര്‍ശരണ്യ മുതല്‍ ഗിരീഷ് എ.ഡിയെ പരിചയമുണ്ടെന്നും തുടക്കസമയത്തൊന്നും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ തനിക്ക് പൂര്‍ണമായി മനസിലാക്കാന്‍ പറ്റിയിരുന്നില്ലെന്നും പറയുകയാണ് മമിത.

സൂപ്പര്‍ശരണ്യയുടെ റിഹേഴ്‌സല്‍ സമയത്ത് അദ്ദേഹം തന്നോട് പറഞ്ഞ ഒരു കാര്യം തെറ്റായി മനസിലാക്കിയെന്നും അതിന്റെ പേരില്‍ കുറേ വിഷമിച്ചെന്നും മമിത പറയുന്നു. ഗിരീഷ് എ.ഡിയ്ക്കും നസ്‌ലനുമൊപ്പം ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമിത.

‘ സൂപ്പര്‍ ശരണ്യയുടെ റിഹേഴ്‌സല്‍ നടക്കുകയാണ്. ഗിരീഷേട്ടന്റെ ഒരു വര്‍ക്കിങ് സ്റ്റൈല്‍ എനിക്ക് അറിയില്ല. പുള്ളി എന്താണ് ഉദ്ദേശിക്കുന്നതെന്ന് പെട്ടെന്ന് മനസിലാകുന്നില്ല. അങ്ങനെ ഒരു പ്രശ്‌നമുണ്ടായിരുന്നു. സൂപ്പര്‍ശരണ്യയ്ക്ക് ശേഷമാണ് ഞാന്‍ അദ്ദേഹത്തെ മനസിലാക്കിയത്.
റിഹേഴ്‌സല്‍ ചെയ്യുമ്പോള്‍ അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ വരുന്നില്ല. ‘നീ ആ സിനിമ പരിപാടി വിട്’ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ മനസിലാക്കിയത് സിനിമ എനിക്ക് പറ്റിയ പരിപാടിയല്ല എന്ന് പുള്ളി പറഞ്ഞതായിട്ടാണ്. ഞാന്‍ ആകെ ഡാര്‍ക്കടിച്ചു. കരച്ചില്‍ വന്നു,’ എന്നായിരുന്നു നമിത പറഞ്ഞത്.

എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അതല്ലെന്നും നീ സിനിമയില്‍ അഭിനയിക്കുന്നതുപോലുള്ള അഭിനയം നിര്‍ത്ത് എന്നായിരുന്നു പറഞ്ഞതെന്നും ഗിരീഷ് എ.ഡി കൂട്ടിച്ചേര്‍ത്തു.

‘നീ ആ സിനിമാ പരിപാടി വിട് എന്ന് ഞാന്‍ പറഞ്ഞു. ഇവള്‍ വിചാരിച്ചു സിനിമ കരിയര്‍ തന്നെ വിട്ടോ എന്നാണ് ഞാന്‍ പറഞ്ഞതെന്നാണ്. കുറച്ചുകഴിഞ്ഞപ്പോള്‍ ഉണ്ട് ഇവള്‍ ഡാര്‍ക്കടിച്ചിരിക്കുന്നു. ചോദിച്ചപ്പോള്‍ ഇതാണ് സംഭവം,’ ഗിരീഷ് എ.ഡി പറഞ്ഞു.

‘ഗിരീഷേട്ടന്‍ എന്നോട് പറഞ്ഞ കാര്യം എനിക്ക് ഡാര്‍ക്കായി തോന്നിയെന്ന് അസിസ്റ്റന്‍സിനാണ് മനസിലായത്. അവര്‍ എന്റെ അടുത്ത് വന്നിട്ട് ഗിരീഷേട്ടന്‍ ഉദ്ദേശിച്ചത് ഇതാണെന്നും നീ അത് വേറെ രീതിയിലാണ് എടുത്തതെന്നും പറഞ്ഞു. ലഞ്ച് ബ്രേക്കിനൊക്കെ എനിക്ക് കരച്ചില്‍ വന്നു.

ഗിരീഷേട്ടന്‍ പറഞ്ഞുതന്നത് എനിക്ക് മനസിലാകുന്നില്ലല്ലോ എന്നതാണ് വിഷമം. ചേട്ടന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ചെയ്യാന്‍ പറ്റിയില്ലെങ്കിലോ എന്ന ടെന്‍ഷന്‍ വേറെയും. അദ്ദേഹം ഉദ്ദേശിക്കുന്ന രീതിയില് എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ആ ക്യാരക്ടര്‍ എനിക്ക് നഷ്ടമാകും. ലഞ്ച് ബ്രേക്കിന് ശേഷം പക്ഷേ കാര്യങ്ങള്‍ ഓക്കെയായി. ഞാന്‍ ട്രാക്കിലേക്ക് വന്നു,” മമിത പറഞ്ഞു.

ഒരു ആര്‍ടിസ്റ്റിന്റെ അടുത്ത് അങ്ങനെ പറയാന്‍ ആഗ്രഹിക്കുന്ന ആളല്ല താനെന്നും നീ സിനിമാ അഭിനയം നിര്‍ത്തിക്കോ എന്ന് ഒരാളോടും ആരും പറയാന്‍ പാടില്ലെന്നും ഗിരീഷ് എ.ഡി കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ പറഞ്ഞൊരു കാര്യം അവര്‍ക്ക് ആ രീതിയിലാണ് മനസിലായതെന്നും അതില്‍ അവര്‍ വിഷമിച്ചെന്നും അറിഞ്ഞപ്പോള്‍ ഞാനും ആകെ ഡാര്‍ക്കായി,’ ഗിരീഷ് എ.ഡി പറഞ്ഞു.

Content Highlight: Mamitha Baiju about Director Gireesh AD

Latest Stories