|

അല്ലു അര്‍ജുനെ കാണാനുള്ള അടങ്ങാത്ത ആഗ്രഹം, പ്രേമലു ഷൂട്ടിനിടെ നേരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്: മമിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ അല്ലു അർജുന്റെ ഫാനാണെന്ന് നടി മമിത ബൈജു. പ്രേമലു സിനിമ ഹൈദരാബാദിൽ ഷൂട്ട് നടക്കുന്ന സമയത്താണ് അല്ലു അർജുന് നാഷണൽ അവാർഡ് ലഭിക്കുന്നതെന്ന് മമിത പറഞ്ഞു. ഷൂട്ട് കഴിഞ്ഞു വരുന്ന വഴിക്ക് ഡ്രൈവർ തങ്ങളെ അല്ലു അർജുന്റെ വീടിന്റെ അടുത്തുകൂടി കൊണ്ട് പോയെന്നും അവിടെ മുഴുവൻ പത്രക്കാർ ആയിരുന്നെന്നും മമിത പറയുന്നുണ്ട്. പിന്നിലേക്ക് തിരിഞ്ഞ് നിൽക്കുന്ന ഒരാളെ കണ്ടെന്നും അയാളെ അല്ലു അർജുനെ പോലെ തോന്നിയെന്നും മമിത കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ അല്ലു അർജുന്റെ ഫാനാണ്. ഒരു സമയം അല്ലു അർജുന്റെ ഭ്രാന്തായിരുന്നു. അവരുടെ സിനിമയിലെ പാട്ടുകളൊക്കെ ഭയങ്കര ഇഷ്ടമാണ്. അല്ലു അർജുൻ സാറിന് നാഷണൽ അവാർഡ് കിട്ടിയ സമയത്ത് ഞങ്ങൾ ഹൈദരാബാദിൽ ഷൂട്ടിലായിരുന്നു. ആ സമയത്ത് അല്ലു അർജുൻ ചേട്ടന്റെ വീട് നിൽക്കുന്ന സ്ഥലത്തായിരുന്നു. ഞങ്ങളുടെ ഡ്രൈവർ ചേട്ടൻ ഷൂട്ട് കഴിഞ്ഞിട്ട് ആ വഴി കൊണ്ടുപോയി.

അല്ലു അർജുന്റെ വീട് ഉണ്ടെന്നു പറഞ്ഞു നോക്കിയപ്പോൾ കുറെ പത്രക്കാർ വന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ എത്തി അവിടെ അദ്ദേഹത്തെ നോക്കുകയാണ്. ഞങ്ങൾ ഒരാളെ കണ്ടു. പക്ഷേ ബാക്കിലേക്ക് തിരിഞ്ഞു നിൽക്കുകയായിരുന്നു. അല്ലു അർജുൻ സാറിന്റെ ഡ്രസ്സിങ് പോലെയായിരുന്നു. ഞങ്ങൾ മനസ്സിൽ അങ്ങ് ഉറപ്പിച്ചു ഇതായിരിക്കും എന്ന്. ഒരു മിന്നായം പോലെ ഒന്ന് കണ്ടു. രാത്രിയായിരുന്നു,’ മമിത പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലെൻ, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Content Highlight: Mamitha baiju about  Allu arjun

Video Stories