കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കാണാതായ കേസില്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് പ്രത്യേകസംഘം. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി പി. പ്രകാശിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
ശനിയാഴ്ച രാവിലെ മാമി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പ്രേമന്‍ യു, കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ ഷാരോണ്‍ സി.എസ്, രതീഷ് കുമാര്‍ ആര്‍, അഭിലാഷ് പി, സി.ബി. തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍. ഇവരെ കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയും സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
മാമിയെ കാണാതായ സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സി.പി.ഐ.എം എം.എല്‍.എ പി.വി. അന്‍വര്‍ അടുത്തിടെ ആരോപണം ഉന്നയിച്ചതോടെ കേസ് വീണ്ടും ചര്‍ച്ചയാകുകയായിരുന്നു. മാമിയുടെ തിരോധാന കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനിയിലാണ്.
കേസ് സി.ബി.ഐക്ക് വിടണമെന്നാണ് മാമിയുടെ കുടുംബം ആവശ്യപ്പെടുന്നത്. ഒരുവര്‍ഷം അന്വേഷണം നടത്തിയിട്ടും തിരോധാന കേസില്‍ പൊലീസില്‍ പരാജയപ്പെടുകയായിരുന്നു. നടക്കാവ് പൊലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. തുടര്‍ന്ന് കേസ് സി.ബി.ഐ അല്ലെങ്കില്‍ ക്രൈംബ്രാഞ്ചിനെയോ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറാണ് കേസിലെ അന്വേഷണം ഏറ്റെടുത്തത്. അജിത് കുമാറിനെതിരെ ഒന്നിലധികം ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Content Highlight: Mami Disappearance Case; Special team of crime branch to investigate