തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജില്‍ വെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ. സുധാകരന്റെ അവകാശവാദത്തില്‍ പ്രതികരണവുമായി മമ്പറം ദിവാകരന്‍. പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് സുധാകരന്‍ പറയുന്ന സംഭവം തനിക്കറിയില്ലെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘എന്‍റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഞാന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടുമില്ല. സി.എച്ച്. മുഹമ്മദ് കോയയെ തടഞ്ഞുനിര്‍ത്തിയതുമുതലുള്ള സംഭവം അറിയാം. പിണറായി വിജയനോട് അന്നും ഇന്നും രാഷ്ട്രീയ ശത്രുതയുണ്ട്,’ മമ്പറം ദിവാകരന്‍ പറഞ്ഞു.
1973 മുതല്‍ 84 വരെയുള്ള കാലയളവില്‍ സി.പി.ഐ.എമ്മുമായിട്ടാണ് താന്‍ നേരിട്ട് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനും സുധാകരനും ഒന്നിച്ച് പഠിച്ചതാണ്. പിണറായി ഞങ്ങളുടെ സീനിയറാണ്. 1989ല്‍ ഞാന്‍ കെ.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗമാണ്. ഞാന്‍ ഇന്ദിരാപക്ഷത്തും സുധാകരന്‍ സിന്‍ഡിക്കേറ്റ് പക്ഷത്തുമായിരുന്നു,’ മമ്പറം പറഞ്ഞു.
തന്റെയും എ.കെ. ബാലന്റെയും കാലത്ത് നിരവധി സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. അന്ന് സുധാകരനവിടെയുണ്ടായിരുന്നെങ്കിലും തങ്ങളോടൊപ്പമുണ്ടായിരുന്നില്ലെന്നും മമ്പറം ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.
മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞത്.
എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജയനെ ചവിട്ടി വീഴ്ത്താമെന്ന മോഹം സുധാകരനുണ്ടായിരിക്കാമെന്നും എന്നാല്‍ അതിനാകില്ലെന്ന് സ്വന്തം അനുഭവം കൊണ്ട് തന്നെ അദ്ദേഹത്തിനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.