|

സി.എ.എ മോദിയുടെ തന്ത്രം; നിലവില്‍ പൗരത്വം നല്‍കിയവരെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവര്‍ രാജ്യത്ത് നിന്ന് പുറത്താക്കും: മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സി.എ.എ. പ്രകാരം ആളുകള്‍ക്ക് പൗരത്വം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് കാലയളവിലെ രാഷ്ട്രീയ തന്ത്രമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദാസിപ്പൂരിലെയും ഗോപിബല്ലവപുരിലെയും തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

സി.എ.എയുടെ ഭാഗമായി പൗരത്വം ലഭിച്ചവരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിദേശികളെന്ന് മുദ്രകുത്തി പുറത്താക്കപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനായി യാതൊരുവിധ സംഭാവനകളും നല്‍കാത്ത മോദിയെ പല മാധ്യമങ്ങളും പുകഴ്ത്തുന്നു എന്നും അവര്‍ വിമര്‍ശിച്ചു.

‘സി.എ.എ നിയമപ്രകാരം കുടിയേറ്റക്കാരായ ഹിന്ദു, സിഖ് സമുദായങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് ഒരു മാധ്യമത്തില്‍ വന്ന പരസ്യം പറയുന്നു. ദയവായി അവരെ വിശ്വസിക്കരുത്, നിങ്ങള്‍ ഇതിനകം തന്നെ വിശ്വസ്തരായ പൗരന്മാരാണ്. അപേക്ഷിച്ചാല്‍ വിദേശിയെന്ന് മുദ്രകുത്തി പുറത്താക്കപ്പെടും,’ മമത പറഞ്ഞു.

എനിക്ക് മാധ്യമപ്രവര്‍ത്തകരോട് വിദ്വേഷം ഒന്നുമില്ല, എന്നാല്‍ മാധ്യമങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ അത്തരം പരസ്യങ്ങള്‍ ഒരു പരിശോധനയും കൂടാതെ ജനങ്ങളിലേക്കെത്തിക്കുന്നു. എങ്ങനെയാണ് അവര്‍ക്കതിന് കഴിയുന്നത്,’ മമത ചോദിച്ചു.

ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ സന്ദേശ്ഖാലിയില്‍ നിന്ന് പുറത്തുവന്നിരുന്നു. അതുപോലെ ബി.ജെ.പി ആസൂത്രണം ചെയ്ത നുണയാണ് സി.എ.എ എന്നും മമത കൂട്ടിച്ചേര്‍ത്തു.

‘സന്ദേശ്ഖാലിയില്‍ ചെയ്തതു പോലെ ബി.ജെ.പി. നടത്തുന്ന നുണയാണ് ഇത്. അതില്‍ വീഴരുതെന്ന് ഞാന്‍ എന്റെ സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഒരു ഭാഗം മാത്രമാണിത്.

വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം അവര്‍ ജനങ്ങളെ അവരുടെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യും, ബി.ജെ.പിയെ വിശ്വസിക്കരുത്,’ മമത പറഞ്ഞു.

എന്‍.ആര്‍.സി വഴി ആദിവാസികളെയും കുര്‍മികളെയും മറ്റ് പിന്നോക്ക ജാതികളെയും തുരത്താനും യൂണിഫോം സിവില്‍ കോഡ് കൊണ്ടുവന്ന് അവര്‍ക്കിടയില്‍ ഭിന്നിപ്പ് നടത്താനും ബി.ജെ.പി ആഗ്രഹിച്ചേക്കാം. എന്നാല്‍ എന്റെ അവസാന ശ്വാസം വരെ അവരെ സംരക്ഷിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയെ ആദിവാസി വിരുദ്ധരെന്ന് വിശേഷിപ്പിച്ച മമത, ജയിലില്‍ കഴിയുന്ന ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെക്കുറിച്ചും സംസാരിച്ചു.

‘ജനപ്രിയ ആദിവാസി നേതാവ് ഹേമന്ത് സോറനെ ബി.ജെ.പി അഴിക്കുള്ളിലാക്കി. ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു. ഇതാണ് ബി .ജെ.പി, അവര്‍ ഏകാധിപത്യത്തിലും ഒരു പാര്‍ട്ടി ഭരണത്തിലും വിശ്വസിക്കുന്നവരാണ്,’ മമത പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടം കൂടി ബാക്കിനില്‍ക്കെ പൗരത്വ നിയമ ഭേദഗതി പ്രകാരം രാജ്യത്ത് മുന്നൂറിലേറെ പേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്.

ആദ്യമായാണ് സി.എ.എ പ്രകാരം രാജ്യത്ത് പൗരത്വം നല്‍കുന്നത്. ദല്‍ഹിയില്‍ പൗരത്വം ലഭിച്ച 14 പേര്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് നേരിട്ട് പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. ദല്‍ഹി, യു.പി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ വോട്ടിങ് നിര്‍ണായക ഘട്ടത്തിലേക്കു നീങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഇസ്ലാം ഒഴികെയുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ തുടങ്ങിയ ആറ് മതങ്ങളില്‍പെട്ടവര്‍ക്കാണ് സി.എ.എ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുന്നത്.

Content Highlight: Mamatha speak up against C.A.A and B.J.P