കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രശംസിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യ സ്വാമി. ആര്‍ക്കും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കഴിയാത്ത വ്യക്തിയാണ് മമത ബാനര്‍ജിയെന്നും മമത ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നും അദ്ദേഹം പറഞ്ഞു.
‘മമത ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. അവര്‍ വളരെ ധീരയായ സ്ത്രീയാണ്. അവര്‍ 34 വര്‍ഷം കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ പോരാടിയത് എങ്ങനെയാണെന്ന് നോക്കൂ. എന്താണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും നോക്കൂ’, കൊല്‍ക്കത്തയിലെ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അധികാരത്തിലുള്ള ആളുകള്‍ക്ക് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ കഴിയാത്ത ഒരു യഥാര്‍ത്ഥ പ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യമെന്നാണ് താന്‍ കരുതുന്നതെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞു.
‘എനിക്ക് ധാരാളം ആളുകളെ അറിയാം. അവരൊന്നും നിലവിലെ സര്‍ക്കാരിനെതിരെ ഒരു പരിധിക്കപ്പുറം പോകില്ല. കാരണം ഇ.ഡിയോ മറ്റെന്തെങ്കിലുമോ വരുമോ എന്നവര്‍ ഭയപ്പെടുന്നു. അത് ഇന്ത്യന്‍ ജനാധിപത്യത്തിന് നല്ലതല്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണകക്ഷിയുടെ സുഹൃത്തല്ലാത്ത പ്രതിപക്ഷമാണ് ഇന്ത്യക്ക് ആവശ്യമെന്നും മമത ബാനര്‍ജിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് അസാധ്യമാണെന്നും സ്വാമി പറഞ്ഞു.
Contenthighlight: Mamatha should be PM: Subramanya Swami