കൊല്‍ക്കത്ത: ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു മേധാവിയുമായ നിതീഷ് കുമാറിന്റെ രാജി പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തെ ബാധിക്കുകയില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
നിതീഷ് കുമാര്‍ ഇന്ത്യാ സഖ്യം വിട്ട് ബി.ജെ.പിയിലേക്ക് പോവുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മമതയുടെ പരാമര്‍ശം. 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.
ബീഹാറിലെ ജനങ്ങളുടെ കണ്ണില്‍ നിതീഷ് കുമാറിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കരുതുന്നുവെന്നും ബീഹാറിനെ നയിക്കാന്‍ തേജസ്വി യാദവിന് സുഗമമായി സാധിക്കുമെന്നും മമത പറഞ്ഞു.
എന്നാല്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും ദേശീയതലത്തിലെ സഖ്യവുമായി ബന്ധപ്പെട്ട തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം അറിയിക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി നിലപാട് എടുത്തിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയെ വിമര്‍ശിക്കുകയും അവസരവാദിയെന്ന് വിളിക്കുകയും അവരുടെ സഹായമില്ലാതെ തന്നെ പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറയുകയും ചെയ്ത പശ്ചിമ ബംഗാള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുമായുള്ള അഭിപ്രായ ഭിന്നതക്ക് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി മമത പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം വിവിധ പദ്ധതികള്‍ക്ക് കീഴില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതില്‍ മമത കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കികൊണ്ട് കത്തയച്ചിരുന്നു. വരുന്ന ഏഴ് ദിവസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ അതിനെതിരെ ശക്തമായ നീക്കങ്ങള്‍ ഉണ്ടാവുമെന്നും മമത പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ സംശയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തൃപ്തികരമായ മറുപടി നല്‍കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രം ഫണ്ട് അനുവദിക്കാത്തതെന്ന ചോദ്യവും മമത ഉയര്‍ത്തി.
Content Highlight: Mamatha say’s Nitish Kumar’s resignation will not affect India’s alliance