ലഖ്‌നൗ:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന ബദല്‍ രാഷ്ട്രീയ മുന്നണിയില്‍ ചേരാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
യു.പിയിലേക്ക് താന്‍ മമതയെ ക്ഷണിക്കുകയാണെന്നും ബംഗാളില്‍ ബി.ജെ.പിയെ തുടച്ചുനീക്കിയത് പോലെ യു.പിയില്‍ നിന്ന് ബി.ജെ.പിയെ ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിയുമെന്നും അഖിലേഷ് പറഞ്ഞു.
”ഞാന്‍ അവരെ സ്വാഗതം ചെയ്യുന്നു. ബംഗാളില്‍ അവര്‍ ബി.ജെ.പിയെ തുടച്ചുനീക്കിയ രീതിയില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബി.ജെ.പിയെ തുടച്ചുനീക്കും,” യാദവ് പറഞ്ഞു.
നേരമാകുമ്പോള്‍ മമതയുമായി സംസാരിക്കുമെന്നും അഖിലേഷ് പറഞ്ഞു.
കോണ്‍ഗ്രസിനെ അഖിലേഷ് പൂര്‍ണമായും എഴുതിത്തള്ളി. ”പൊതുജനങ്ങള്‍ അവരെ നിരസിക്കും.വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 0 സീറ്റുകള്‍ ലഭിക്കും,” അഖിലേഷ് പറഞ്ഞു.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മമത. പ്രതിപക്ഷ പാര്‍ട്ടികളുമായി നിരന്തരം മമത ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനോടുള്ള അതൃപ്തി മമത പ്രകടിപ്പിച്ചതാണ്.