കൊല്‍ക്കത്ത: വിശ്വസ്തരായി പ്രവര്‍ത്തിച്ചശേഷം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കെതിരെ മത്സരിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുന്‍മന്ത്രി സുവേന്ദു അധികാരി തൃണമൂലില്‍ നിന്നും പുറത്തുപോകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മമതയുടെ പരാമര്‍ശം.
‘ഞങ്ങള്‍ ജനങ്ങളോടൊപ്പം നില്‍ക്കുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അത് തന്നെയാണ് ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനം. പാര്‍ട്ടിയില്‍ ആരാണ് എന്നതിനെക്കാള്‍ ആരാണ് വലുത് എന്നത് പ്രശ്‌നമാകരുത്. 10 വര്‍ഷത്തോളം പാര്‍ട്ടിയില്‍ നിന്ന് ലാഭം നേടി, സര്‍ക്കാരിന്റെ ഭാഗമായി, അതില്‍ നിന്നും ലാഭം കൊയ്തശേഷം വഞ്ചന ചെയ്യുന്നവരെ സഹിക്കാന്‍ കഴിയില്ല’, മമത പറഞ്ഞു.
‘നിലവില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 365 ദിവസത്തെ സമയം നല്‍കുന്നു. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് സ്വയം തിരുത്തുക. പഴയ തൊഴിലാളികളും പുതിയ പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സ്ഥാനത്തിന് അല്ല പാര്‍ട്ടിയില്‍ പ്രാധാന്യം.യുദ്ധത്തിലാണ് നാമിപ്പോള്‍. ഏതുവിധേനയും ബി.ജെ.പിയെ ബംഗാളില്‍ നിന്ന് പുറത്താക്കുകയെന്നതാണ് ലക്ഷ്യം’, മമത പറഞ്ഞു.
നേരത്തെ പശ്ചിമ ബംഗാള്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച മന്ത്രി സുവേന്ദു അധികാരിയുമായുള്ള എല്ലാ ബന്ധങ്ങളും ഔദ്യോഗികമായി അവസാനിപ്പിക്കുന്നതായി തൃണമൂല്‍ എം.പി സൗഗത റോയ് പറഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് സുവേന്ദു അധികാരി ഒരു അടഞ്ഞ അധ്യായമായി എന്നാണ് സൗഗത റോയ് പ്രതികരിച്ചത്.
2021 ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെതിരെ സുവേന്തു അധികാരി രംഗത്തെത്തിയിരുന്നു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.
മന്ത്രിസഭയില്‍ നിന്നും രാജിവെച്ച മന്ത്രി സുവേന്ദു അധികാരി ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അധികാരി ബി.ജെ.പിയിലേക്ക് പോകില്ലെന്നും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തിട്ടുണ്ടെന്നും മമത ബാനര്‍ജിയെ വിജയിപ്പിക്കാന്‍ ഒന്നിച്ചുനില്‍ക്കുമെന്നും നേതൃത്വം അറിയിച്ചിരുന്നു.
കുറച്ചു നാളുകളായി അധികാരി തൃണമൂലിനോട് പ്രകടമായ അകല്‍ച്ച കാണിച്ചിരുന്നു. പാര്‍ട്ടിയുടെ പോരോ ചിഹ്നമോ ഒന്നുമില്ലാതെയായിരുന്നു അദ്ദേഹം പരിപാടികളില്‍ പങ്കെടുത്തിരുന്നത്. മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ജനങ്ങളാണ് തന്റെ അവസാന വാക്കെന്ന് പറഞ്ഞിരുന്നു. ബംഗാളിന്റെ ബംഗാളി ആയിരിക്കും താനെന്നും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക