| Tuesday, 16th March 2021, 4:54 pm

'എന്നെ കൊന്ന് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് അമിത് ഷാ കരുതുന്നുണ്ടോ'? മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബങ്കുരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ദുര്‍ഗാ സ്തുതി ചൊല്ലി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിയോട് പകരം വീട്ടാന്‍ കാത്തിരിക്കുകയാണെന്നും മമത പറഞ്ഞു.

‘ആരെയൊക്കെ തുറുങ്കിലടയ്ക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും തീരുമാനിക്കുന്ന ആളാണോ രാജ്യത്തെ ആഭ്യന്തരമന്ത്രി? തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രിക്കുന്നത് ആരാണ്? അമിത് ഷാ അല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് സുതാര്യമായ തെരഞ്ഞെടുപ്പ് വേണം. ദിനംപ്രതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തുകയാണ് അമിത് ഷായുടെ ജോലി’, മമത പറഞ്ഞു.

രാജ്യത്തിന്റെ കാര്യം നോക്കുന്നതിന് പകരം അമിത് ഷാ കൊല്‍ക്കത്തയില്‍ ഇരുന്നു ടി.എം.സി നേതാക്കളെ ഉപദ്രവിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്നും മമത പറഞ്ഞു

‘അവര്‍ക്ക് എന്താണ് വേണ്ടത്? എന്നെ കൊല്ലാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നെ കൊന്നുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവര്‍ കരുതുന്നുണ്ടോ?’, മമത പറഞ്ഞു.

തനിക്ക് നേരെ ആക്രമണം നടന്നെന്ന മമതയുടെ വാദം തെറ്റാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനെയും മമത വിമര്‍ശിച്ചു.

‘അമിത് ഷായാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്? അദ്ദേഹം ഇ.സിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അവരുടെ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിച്ചു?,’ മമത ചോദിച്ചു.

മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.

എന്നാല്‍, നന്ദിഗ്രാമില്‍വെച്ച് ആക്രമിക്കപ്പെട്ടെന്ന മമത ബാനര്‍ജിയുടെ വാദം തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തുകയും മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് പറയുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം നിന്ന് കളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mamatha Banerjee Slams Amit Sha

We use cookies to give you the best possible experience. Learn more