| Thursday, 23rd December 2021, 9:06 am

പട്ടികയില്‍ നിന്ന് പേരുവെട്ടി മമതയോട് 'പകരംവീട്ടി' മോദി; രണ്ട് മണിക്കൂര്‍ കാത്തുനിന്നിട്ടും യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വെര്‍ച്വല്‍ മീറ്റിംഗില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപണം.

ബുധനാഴ്ച നടന്ന യോഗത്തില്‍ മമത രണ്ട് മണിക്കൂറിലധികം കാത്തുനിന്നെങ്കിലും സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

‘ആസാദി കി അമൃത് മഹോത്സവ്’ യോഗത്തിലാണ് മമതയ്ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്നത്. മമതയുടെ പേര് സംസാരിക്കുന്നവരുടെ പട്ടികയില്‍ ഇല്ലായിരുന്നു എന്നാണ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന്‍ പറയുന്നത്.

സംഭവത്തില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തിരുന്നു.

മമതയും മോദിയും തമ്മില്‍ നേരത്തെ തന്നെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

നേരത്തെ മോദിയുടെ യോഗത്തില്‍ പങ്കെടുക്കാതെ മമത ബാനര്‍ജി വിട്ടുനിന്നിരുന്നു. മേയ് മാസത്തിലായിരുന്നു സംഭവം. മമതയുടെ ഈ നടപടിയ്ക്ക് പിന്നാലെ സംസ്ഥാന ചീഫ് സെക്രട്ടറിയെ കേന്ദ്രസര്‍ക്കാര്‍ തിരികെ വിളിച്ചിരുന്നു.

കൊവിഡ് സ്ഥിതി വിലയിരുത്താനെന്ന പേരില്‍ നരേന്ദ്രമോദി വിളിക്കുന്ന യോഗങ്ങളെല്ലാം ‘സൂപ്പര്‍ ഫ്‌ളോപ്പ്’ ആണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.

സംസ്ഥാനങ്ങളെ അങ്ങോട്ട് പറയാന്‍ അനുവദിക്കാതെ പ്രഭാഷണം നടത്തുന്ന മോദി, മുഖ്യമന്ത്രിമാരെ പാവകളെപ്പോലെ ഇരുത്തുകയാണെന്നും 10 സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നടത്തിയ കൊവിഡ് വിലയിരുത്തല്‍ യോഗത്തിനു ശേഷം മമത പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mamatha Banerjee-Modi Conflict

We use cookies to give you the best possible experience. Learn more