കൊല്‍ക്കത്ത: ചൈന സന്ദര്‍ശനം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എട്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാത്രിയാണ് ബെയ്ജിങ്ങിലേക്ക് യാത്ര പുറപ്പെടുവാനിരുന്നത്.
എന്നാല്‍ രാഷ്ട്രീയ തലത്തില്‍ നടത്താനിരുന്ന ചില കൂടിക്കാഴ്ചകളെ സംബന്ധിച്ച് ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തതകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് യാത്ര റദ്ദാക്കാന്‍ മമത തീരുമാനിച്ചത്.
രാജ്യതാത്പര്യം കൂടി ഉള്‍പ്പെട്ട വിഷയമായതിനാലാണ് യാത്രയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതെന്ന് മമത പറഞ്ഞു. ഇന്നലെ വരെ യാത്രയെ സംബന്ധിച്ച് ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയ കൂടിക്കാഴ്ചകളില്‍ കൃത്യമായ മറുപടി ചൈനീസ് സര്‍ക്കാര്‍ നല്‍കിയില്ല.
ഇത് സംബന്ധിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്ക് ചൈനയിലെ ഇന്ത്യന്‍ അംബാസിഡറില്‍ നിന്നും മറുപടിയുണ്ടായില്ല. അതോടെ യാത്ര കൊണ്ട് പ്രയോജനം ഒന്നുമുണ്ടാകില്ല എന്ന് വ്യക്തമായതിനാലാണ് യാത്ര റദ്ദാക്കിയതെന്ന് മമത വ്യക്തമാക്കി.
ഇന്ത്യന്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ രാജ്യാന്തര വിഭാഗവും തമ്മിലുള്ള എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു ചൈന സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ചൈനയിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കാന്‍ മമതയെയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചുമതലപ്പെടുത്തിയത്.