കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് അമിത് ഷായ്‌ക്കെതിരെ പരസ്യവിമര്‍ശനവുമായി മമത രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ ദിവസം ബംഗാളിലെ ബന്‍കുര ജില്ലയിലെ ഒരു ആദിവാസി പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെത്തി അമിത് ഷാ ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് മമത വിമര്‍ശനമുന്നയിച്ചത്.
ഫോട്ടോ എടുക്കാനുള്ള ഷോയായിരുന്നു ഇതെന്നും അമിത് ഷാ കഴിച്ചത് ആദിവാസി കുടുംബം തയ്യാറാക്കിയ ഭക്ഷണമല്ലെന്നും പുറത്തുനിന്ന് വരുത്തിയ ഭക്ഷണമായിരുന്നുവെന്നുമാണ് മമത പറഞ്ഞത്. ഒരു ഷോയ്ക്ക് വേണ്ടി മാത്രമാണ് ഷാ ബന്‍കുര സന്ദര്‍ശനം നടത്തിയതെന്നും മമത പറഞ്ഞു. ബന്‍കുരയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു മമതയുടെ വിമര്‍ശനം.
പൊള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നയാളാണ് അമിത് ഷാ. ജനങ്ങള്‍ അത് മനസ്സിലാക്കി കഴിഞ്ഞു. ബംഗാളില്‍ ഞങ്ങള്‍ തന്നെ വീണ്ടും അധികാരത്തില്‍ വരും. ജനങ്ങള്‍ക്കായുള്ള സൗജന്യ റേഷന്റെ കാലാവധി ഇനിയും നീട്ടും, മമത പറഞ്ഞു.
സമാനമായി കഴിഞ്ഞ ദിവസം ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ നേതാവ് അനുബ്രത മോണ്ഡലും രംഗത്തെത്തിയിരുന്നു. ബംഗാളിലെ ഏറ്റവും വലിയ വൈറസ് ബി.ജെ.പിയാണെന്നാണ് മോണ്ഡല്‍ പറഞ്ഞത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതായും മോണ്ഡല്‍ പറഞ്ഞിരുന്നു.
ഞങ്ങളുടെ ജില്ല സന്ദര്‍ശിക്കൂ. ഞങ്ങളുടെ ബൂത്ത് പ്രവര്‍ത്തകരെ കാണൂ. ഞാന്‍ അദ്ദേഹത്തെ തൃണമൂലില്‍ ചേരാന്‍ ക്ഷണിക്കുകയാണ്’, മോണ്ഡല്‍ പറഞ്ഞു.ബി.ജെ.പിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വൈറസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മോണ്ഡലിന്റെ പ്രസ്താവനയെ തള്ളിക്കളയുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു. മോണ്ഡല്‍ മുന്‍പും ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നും ഘോഷ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mamatha banerjee Attacks Amit Sha