national news
പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗമായിരിക്കും ചെങ്കോട്ടയിലേത്: മമത
കൊല്‍ക്കത്ത: പ്രധാനമന്ത്രി എന്ന നിലയിലെ നരേന്ദ്ര മോദിയുടെ അവസാന സ്വാതന്ത്ര്യ ദിന പ്രസംഗമായിരിക്കും ഇത്തവണത്തേതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബെഹളയില്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ഉടനെ തന്നെ അധികാരത്തിലെത്തുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
‘മോദിജിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയിലെ അവസാന പ്രസംഗമായിരിക്കും.
‘ഇന്ത്യ’ സഖ്യം രാജ്യത്തുടനീളമുള്ള ബി.ജെ.പിയെ തകര്‍ക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാവിപ്പാര്‍ട്ടിയെ തോല്‍പ്പിക്കും,’ മമത പറഞ്ഞു.
ബംഗാളിന് രാഷ്ട്രീയ സ്ഥാനമല്ല, ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കലാണ് ആഗ്രഹമെന്നും താന്‍ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പുലര്‍ത്തുന്നില്ലെന്നും മമത സൂചിപ്പിച്ചു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ നിരവധി അഴിമതിയാരോപണങ്ങളുണ്ടെന്നും മമത പറഞ്ഞു.
‘ബംഗാളില്‍ ചില അഴിമതികള്‍ക്കെതിരെ ഞങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാലും കേന്ദ്ര സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങളുണ്ട്. റാഫേല്‍ അഴിമതിയും 2000ത്തിന്റെ നോട്ടുകള്‍ അസാധുവാക്കിയതും ഇതില്‍ ഉള്‍പ്പെടുന്നു,’ മമത പറഞ്ഞു.
അതേസമയം മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന് ഇന്നത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മണിപ്പൂര്‍ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും രാജ്യം മണിപ്പൂരിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ ഏതാനും ആഴ്ചകളായി മണിപ്പൂര്‍ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഞങ്ങളുടെ അമ്മമാരും സഹോദരിമാരും അപമാനിതരായി. എന്നാല്‍ മണിപ്പൂരില്‍ സമാധാനം പതുക്കെ തിരിച്ചുവരികയാണ്. സമാധാനം നിലനിര്‍ത്താന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ മണിപ്പൂരിനൊപ്പമാണ്,’ അദ്ദേഹം പറഞ്ഞു.
1000 വര്‍ഷത്തെ അടിമത്തത്തിന്റെയും 1000 വര്‍ഷത്തെ മഹത്വത്തിന്റെയും നടുവിലാണ് നാമിപ്പോള്‍ നില്‍ക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് നമ്മള്‍ എടുക്കുന്ന ഏത് തീരുമാനവും അടുത്ത 1000 വര്‍ഷങ്ങളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ട് പോകേണ്ട മനോഭാവമാണ് രാജ്യത്ത് വളര്‍ന്നുവരേണ്ടതെന്ന് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപതിയുടെ ദ്രൗപദി മുര്‍മുവും പറഞ്ഞു.
ഇന്ത്യന്‍ പൗരനാണെന്നത് ഓരോ ഭാരതീയന്റെയും സ്വത്വമാണെന്നും രാഷ്ട്രത്തിന്റെ സ്ഥാപക പിതാക്കന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ദല്‍ഹിയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ടയ്ക്കും വടക്കന്‍ ദല്‍ഹിയിലെ മറ്റ് പ്രദേശങ്ങളിലും 700 ലധികം പൊലീസ് ഉദ്യോഗസ്ഥരെ നിലയുറപ്പിച്ചിട്ടുണ്ട്.
content highlights: mamatha banerjee against modi