| Friday, 19th March 2021, 12:03 pm

മാര്‍ക്‌സിസ്റ്റുകാര്‍ സി.പി.ഐ.എമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്ന് മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളാരും തന്നെ സി.പി.ഐ.എമ്മിനോ കോണ്‍ഗ്രസിനോ വോട്ട് നല്‍കരുതെന്നാണ് മമത പറഞ്ഞത്. സി.പി.ഐ.എമ്മിനും കോണ്‍ഗ്രസിനും ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍ മമതയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് സുജന്‍ ചക്രബര്‍ത്തി രംഗത്തെത്തി. മമത മാവോയിസ്റ്റുകളുടെ സുഹൃത്താണെന്നും സി.പി.ഐ.എമ്മിനെ പിന്തുണയ്ക്കുന്നവരെ കൊല്ലാന്‍ മാവോയിസ്റ്റുകളെ മമത ഉപയോഗിച്ചിട്ടുണ്ടെന്നും സുജന്‍ ആരോപിച്ചു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തുവിട്ടു. വീല്‍ചെയറില്‍ ഇരുന്നായിരുന്നു പശ്ചിമ മമത ബാനര്‍ജി പ്രകടന പത്രിക പുറത്തുവിട്ടത്.

തൃണമൂലിന്റെ പ്രകടനപത്രിക ഒരു രാഷ്ട്രീയ പ്രകടനപത്രികയല്ലെന്നും മറിച്ച് വികസന പ്രകടന പത്രികയാണെന്നും മമത അവകാശപ്പെട്ടു. ഇത് ജനങ്ങളള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തയ്യാറാക്കിയ ജനങ്ങളുടെ പ്രകടന പത്രികയാണെന്നും അവര്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനം ഉറപ്പുനല്‍കുന്നതാണ് പ്രകടനപത്രികയെന്നും കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമെന്നും റേഷന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രകടനപത്രികയില്‍ തൃണമൂല്‍ പറയുന്നു.

തുടര്‍ച്ചയായ മൂന്നാം തവണയും പാര്‍ട്ടി തിരിച്ചുവരാന്‍ വികസനം കേന്ദ്രീകരിച്ചുള്ള തൃണമൂലിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും ബാനര്‍ജി പറഞ്ഞു.

മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ മമത നന്ദിഗ്രാമില്‍ എത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും സജീവമായിത്തന്നെ ഉണ്ടാകുമെന്നും മമത പറഞ്ഞിരുന്നു.

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് എട്ട് ഘട്ടമായാണ് നടക്കുക. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തീയ്യതികളിലായിരിക്കും വോട്ടെടുപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mamatha Banerjee against CPIM and Congress

We use cookies to give you the best possible experience. Learn more