| Saturday, 30th October 2021, 1:08 pm

മോദി കരുത്തനാകാന്‍ കാരണം കോണ്‍ഗ്രസ്, രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ല: മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഗൗരവമായി കണ്ടില്ലെങ്കില്‍ നരേന്ദ്ര മോദി കൂടുതല്‍ കരുത്തനാകുമെന്നാണ് മമത പറഞ്ഞത്. കോണ്‍ഗ്രസിന് കൃത്യമായ നിലപാട് എടുക്കാന്‍ സാധിക്കാത്തതാണ് രാജ്യം ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്നും മമത പറഞ്ഞു.

” കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായിട്ടില്ല കാണുന്നത്, അതുകൊണ്ട് തന്നെ എല്ലാം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് കാരണം മോദിജി കൂടുതല്‍ കരുത്തനാകാനാണ് പോകുന്നത്. ഒരാള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയാത്തതിന് രാജ്യം എന്തിന് കഷ്ടപ്പെടണം, ”അവര്‍ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു.

ബി.ജെ.പിക്ക് മേല്‍ വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിന്റെ കാരണം രാഹുല്‍ ഗാന്ധിയാണെന്നാണ് പ്രശാന്തിന്റെ വിമര്‍ശനം.

മോദിയുടെ ശക്തി ക്ഷയിക്കുന്നത് വരെ സമയമുണ്ടെന്ന മിഥ്യാധാരണയിലാണ് രാഹുലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.

ഒരു പക്ഷേ ജനങ്ങള്‍ മോദിയെ വലിച്ചെറിയുന്ന കാലമുണ്ടായേക്കാമെന്നും എന്നാല്‍ പോലും ബി.ജെ.പി എങ്ങും പോകില്ലെന്നും ദശകങ്ങളോളം ബി.ജെ.പിയോട് പോരാടേണ്ടി വരുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.

ബി.ജെ.പി വരും ദശകങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി തുടരുമെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mamatha Banerjee against Congress

We use cookies to give you the best possible experience. Learn more