പനാജി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഗൗരവമായി കണ്ടില്ലെങ്കില്‍ നരേന്ദ്ര മോദി കൂടുതല്‍ കരുത്തനാകുമെന്നാണ് മമത പറഞ്ഞത്. കോണ്‍ഗ്രസിന് കൃത്യമായ നിലപാട് എടുക്കാന്‍ സാധിക്കാത്തതാണ് രാജ്യം ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്നും മമത പറഞ്ഞു.
” കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായിട്ടില്ല കാണുന്നത്, അതുകൊണ്ട് തന്നെ എല്ലാം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് കാരണം മോദിജി കൂടുതല്‍ കരുത്തനാകാനാണ് പോകുന്നത്. ഒരാള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയാത്തതിന് രാജ്യം എന്തിന് കഷ്ടപ്പെടണം, ”അവര്‍ പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു.
ഒരു പക്ഷേ ജനങ്ങള്‍ മോദിയെ വലിച്ചെറിയുന്ന കാലമുണ്ടായേക്കാമെന്നും എന്നാല്‍ പോലും ബി.ജെ.പി എങ്ങും പോകില്ലെന്നും ദശകങ്ങളോളം ബി.ജെ.പിയോട് പോരാടേണ്ടി വരുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.
ബി.ജെ.പി വരും ദശകങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി തുടരുമെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടിരുന്നു.