| Friday, 28th July 2023, 11:34 am

ബംഗാളിലും മണിപ്പൂര്‍ ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമം: മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മണിപ്പൂരില്‍ സൃഷ്ടിച്ചെടുത്തത് പോലെ ബംഗാളിലും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കുകയാണ് ബി.ജെ.പിയുടെ പ്രധാന അജണ്ടയെന്നും മമത കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കലാണ് ബി.ജെ.പിയുടെ പ്രധാന അജണ്ട. അവര്‍ മണിപ്പൂരിലും വര്‍ഗീയ കലാപം സൃഷ്ടിച്ചു. ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും പ്രധാനമന്ത്രിയോട് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടണം,’ മമത പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വിഭജന അജണ്ട നടപ്പാക്കാന്‍ ദല്‍ഹിയിലെ ബി.ജെ.പിയും ആര്‍.എസ്.എസും ബംഗാളിലെ ബി.ജെ.പി ഘടകത്തോട് ആവശ്യപ്പെട്ടെന്നും മമത ആരോപിച്ചു.

‘സംസ്ഥാനത്തെ ബി.ജെ.പിയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. ബി.ജെ.പിക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ ആക്രമിക്കുന്നു. ഉത്തര്‍പ്രദേശിലെ ദളിതര്‍ക്ക് നേരെ മൂത്രമൊഴിക്കുന്നു. ഇതിലൊന്നും അവര്‍ക്ക് ലജ്ജയില്ല.

തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി മുസ്‌ലിം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അവര്‍ ശ്രമിക്കും. തൃണമൂലിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അവര്‍ ഏത് പാര്‍ട്ടിക്കും പണം നല്‍കും,’ മമത പറഞ്ഞു.

അതേസമയം മമതയക്കെതിരെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും രംഗത്തെത്തി. വിഭജന രാഷ്ട്രീയത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിലാണ് ബി.ജെ.പി വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട മണിപ്പൂരിനെ യുദ്ധക്കളമാക്കിയെന്നും അതുകൊണ്ടാണ് മമത ബംഗാളിനെ വിഭജിക്കാന്‍ ശ്രമിക്കുന്നതിനെതിരെ മണിപ്പൂരിനെ ഉദാഹരണമാക്കിയതെന്നും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ മുന്‍ നിര്‍ത്തി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

‘ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയാണ് മണിപ്പൂരിനെ യുദ്ധക്കളമാക്കിയത്. അതുകൊണ്ടാണ് ബംഗാളിനെ വിഭജിക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്ന കാര്യം പറയാന്‍ ദീദി മണിപ്പൂരിനെ ഉദാഹരണമാക്കിയത്,’ അദ്ദേഹം പറഞ്ഞു.

content highlights: mamatha banerjee against bjp

We use cookies to give you the best possible experience. Learn more